പഞ്ചാബിൽ കെജരിവാൾ സർക്കാർ ഭൂമിയിൽ സെവൻ സ്റ്റാർ ആഡംബര കൊട്ടാരം പണിയുന്നുവെന്ന് ആരോപണവുമായി ബി.ജെ.പി
text_fieldsഛണ്ഡീഗഡ്: ആം ആദ്മി അധ്യക്ഷൻ കെജരിവാളിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെപി. പഞ്ചാബ് ഗവൺമെന്‍റിന്‍റെ പൊതുമുതലെടുത്ത് തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്കായി കെജരിവാൾ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ പാർട്ടി ഇങ്ങനെ ഛണ്ഡീഗഡിൽ സെവൻസ്റ്റാർ ആഡംബര ബംഗ്ലാവ് പണിയുകയാണെന്നും ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആം ആദ്മി പ്രതികരിച്ചു.
പഞ്ചാബിലെ മുഖ്യമന്ത്രി ഭഗവന്ത് മൻ ബംഗ്ലാവ് പണിയുന്നതിന് കെജരിവാളിന് 2 ഏക്കർ സ്ഥലം അനുവദിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. തുടർന്ന് ബംഗ്ലാവിന്‍റേതെന്ന് അവകാശപ്പെടുന്ന കെട്ടിടത്തിന്‍റെ ആകാശ ദൃശ്യങ്ങളും പങ്കുവെച്ചു.
സാധാരണക്കാരനെന്ന് എല്ലാവരെയും ധരിപ്പിച്ചു വെച്ചിരിക്കുന്ന ആൾക്ക് പഞ്ചാബിൽ വലിയൊരു ബംഗ്ലാവ് നിർമിച്ചു കൊണ്ടിരിക്കുകയണെന്നാണ് ബി.ജെ.പി എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഡൽഹിയിലെ ഔദ്യോഗിക വസതിയെക്കാൾ മികച്ച സൗകര്യങ്ങളുള്ള കൊട്ടാരമാണ് കെജരിവാളിന് പഞ്ചാബിൽ തയാറാകുന്നത്. ഇന്നലെ അമ്പാലയിലെ വീട്ടിൽ വന്നിറങ്ങിയതു പോലും ഇത്തരത്തിൽ ഗവൺമെന്‍റിന്‍റെ ഹെലി കോപ്റ്ററിലാണ്.' പോസ്റ്റിൽ ആരോപിക്കുന്നു.
കെജരിവാളിന്‍റെ ഡൽഹിയിലെ ഔദ്യോഗിക വസതി പുതുക്കി പണിയാൻ പൊതു ഖജനാവിൽ നിന്ന് 45കോടി ചെലവാക്കിയെന്ന ബി.ജെ.പിയുടെ ആരോപണം മുമ്പ് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

