ബി.ജെ.പി വിഡിയോ നിർമാണ കമ്പനി; പരിഹാസവുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നുള്ള പുതിയ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി വിഡിയോ നിർമാണ കമ്പനിയായി മാറിയെന്ന് കെജ്രിവാൾ ആരോപിച്ചു. സൂറത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സർക്കാരിനെ നന്നായി നയിക്കാനും കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാനും ഒരു വിഡിയോ മേക്കിങ് കമ്പനി വേണോ അതോ പാർട്ടി വേണോ എന്ന് ഡൽഹിയിലെ ജനങ്ങൾ തീരുമാനിക്കും.' -കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ വിഡിയോ ഷോപ്പുകൾ തുറക്കുമെന്ന് ബി.ജെ.പി ഉറപ്പുനൽകിയതായും അദ്ദേഹം പരിഹസിച്ചു.
അറസ്റ്റിലായ എ.എ.പി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ ലഭിക്കുന്ന വി.വി.ഐ.പി പരിഗണനയുടെ കൂടുതൽ ദൃശ്യങ്ങൾ ഞായറാഴ്ച രാവിലെ പുറത്തുവന്നിരുന്നു. സത്യേന്ദർ ജെയിന്‍റെ സെല്ല് രണ്ടുപേർ ചേർന്ന് വൃത്തിയാക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. സത്യേന്ദർ ജെയിൻ ജയിലിൽ അതിഥികളുമായി സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു.
നേരത്തെ, ജയിലിൽ സത്യേന്ദർ ജെയിനിന് മസാജ് ചെയ്ത് നൽകുന്ന ദൃശ്യങ്ങളും വിഭവ സമൃദമായ ഭക്ഷണം കഴിക്കുന്ന വിഡിയോയും സമൂഹമാധ്യങ്ങളിൽ പങ്കുവെച്ച ബി.ജെ.പി, മന്ത്രിക്ക് വി.വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടുദിവസത്തെ പര്യടനത്തിനായാണ് കെജ്രിവാൾ ഗുജറാത്തിലെത്തിയത്. വിവിധ ഇടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും കതർഗാമിൽ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.