തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കുന്നതാണ് ബി.ജെ.പിയുടെ ഭരണമാതൃക -അശോക് ഗെഹ്ലോട്ട്
text_fieldsബംഗളൂരു: തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ഭരണമാതൃകയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബംഗളൂരുവിൽ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അശോക് ഗെഹ്ലോട്ട് .
ഇന്നലെ ബംഗളൂരുവിലെത്തിയ ഗെഹ്ലോട്ട് കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചു. നാല് ലക്ഷത്തോളം രാജസ്ഥാനി തൊഴിലാളികൾ കർണാടകയിൽ കുടിയേറിപ്പാർക്കുന്നുണ്ട്. ഇവരിൽ അശോക് ഗെഹ്ലോട്ടിന് സ്വാധീനം ചെലുത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജസ്ഥാനിൽ ഗെഹ്ലോട്ടിന്റെ എതിരാളിയായ സചിൻ പൈലറ്റ് പ്രചാരകരുടെ പട്ടികയിൽ നിന്ന് പുറത്താണ്. 2018 ൽ പാർട്ടിക്ക് രാജസ്ഥാനിൽ അധികാരമുറപ്പിക്കാനായി അശ്രാന്തം പ്രവർത്തിച്ചയാളായിരുന്നു സചിൻ പൈലറ്റ്.
പാർട്ടിക്കുള്ളിലെ ഈ തമിൽത്തല്ലിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. കോൺഗ്രസിന് വോട്ടു ചെയ്യുക എന്നതിനർഥം തമ്മിൽ തല്ലുന്ന സർക്കാറിനെ രൂപീകരിക്കുക എന്നതാണെന്നായിരുന്നു അദ്ദേഹം നടത്തിയ പരാമർശം. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അതിന് മറുപടിയായാണ് ഗെഹ്ലോട്ട് രംഗത്തെത്തിയത്. ബി.ജെ.പിയും ഭിന്നിക്കപ്പെട്ട വീടാണെന്നും ആ പാർട്ടിയുടെ ഭരണ മാതൃക തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കുക എന്നതാണന്നും അശോക് ഗെഹ്ലോട്ട് മറുപടി നൽകി. അതിന് ഉദാഹരണമായി മധ്യപ്രദേശ്, ഗോവ, മണിപൂർ എന്നിവ ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. എന്നാൽ രാജസ്ഥാനിൽ വരുടെ ശ്രമം പാളിപ്പോയി എന്നും ഗെഹ്ലോട്ട് ഓർമിപ്പിച്ചു.
രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാനായി ബി.ജെ.പി ഇറക്കിയ പണം നഷ്ടമായി. എവിടെയൊക്കെ കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നുവോ, അവിടെയെല്ലാം രാജസ്ഥാൻ മാതൃക പരീക്ഷിച്ചാൽ മാത്രമേ സമൂഹത്തെ സംരക്ഷിക്കാനാവൂ. ദേശീയതയുടെ അടിസ്ഥാനം സാമൂഹിക സുരക്ഷയാകണം. രാജസ്ഥാൻ അതിന്റെ ഒരു ഭാഗം ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ആരോഗ്യ അവകാശം ഉണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണത്. - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

