Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗങ്ങൾ ഭേദമാക്കാൻ പടക്കം പൊട്ടിക്കാം; ബംഗാൾ ബി.ജെ.പി എം.എൽ.എയുടെ വിചിത്ര പരാമർശം വൈറൽ

text_fields
bookmark_border
രോഗങ്ങൾ ഭേദമാക്കാൻ പടക്കം പൊട്ടിക്കാം; ബംഗാൾ ബി.ജെ.പി എം.എൽ.എയുടെ വിചിത്ര പരാമർശം വൈറൽ
cancel

കൊൽക്കത്ത: പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന വിചിത്ര അവകാശവാദവുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എ പാപിയ അധികാരി. കാളിപൂജാ ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനവും ശക്തമായി.

ദീപാവലിക്ക് പിന്നാലെ കൊൽക്കത്തയിൽ അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും അവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചർച്ചയാകുന്നതിനിടെയാണ് നടിയും രാഷ്ട്രീയ നേതാവുമായ പാപിയ അധികാരിയുടെ പ്രസ്താവന പുറത്തുവന്നത്. പടക്കം പൊട്ടിക്കുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അവർ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

"പൊലീസ് പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ചായിരിക്കും നമ്മൾ പടക്കം പൊട്ടിക്കുക. നിങ്ങൾക്കറിയാമോ, പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങൾ ഭേദമാക്കാനും സഹായിക്കും" - ശനിയാഴ്ച സ്വന്തം നിയമസഭാ മണ്ഡലത്തിൽ കാളിപൂജാ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ പാപിയ അധികാരി പറഞ്ഞു.

എം.എൽ.എയുടെ പ്രസ്താവന സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ദീപാവലി ദിനത്തിൽ കൊൽക്കത്തയിലെ ശരാശരി വായുഗുണനിലവാര സൂചിക (എക്യുഐ) 301 ആയിരുന്നുവെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്ക്. ഇത് 'വളരെ മോശം' (Very Poor) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

നഗരം വീണ്ടും വായുമലിനീകരണത്തിന്റെ പിടിയിലായ സാഹചര്യത്തിൽ എം.എൽ.എയുടെ ആരോഗ്യപരമായ അവകാശവാദത്തിനെതിരെ സമൂഹമാധ്യമ ഉപയോക്താക്കൾ പരിഹാസവുമായി രംഗത്തെത്തി. പരിഹാസരൂപത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ പലരും രേഖപ്പെടുത്തിയത്.

ആസ്ത്മയോ ഗുരുതരമായ ഹൃദ്രോഗങ്ങളോ ഉള്ളവർക്ക് പടക്കത്തിന്റെ പുക സ്ഥിരമായ ആശ്വാസം നൽകുമെന്നായിരുന്നു ഒരാളുടെ പരിഹാസം. എന്നാൽ, ആ ആശ്വാസം മരണത്തിലൂടെയായിരിക്കുമെന്നും ഉപയോക്താവ് കുറിച്ചു.

"അതെ, ഗുരുതരമായ ആസ്ത്മയോ ഹൃദ്രോഗമോ ഉള്ളവരെ അപകടകരമായ പുക ഈ ലോകത്തുനിന്ന് എന്നെന്നേക്കുമായി പറഞ്ഞയച്ചേക്കാം. ജീവനില്ലെങ്കിൽ പിന്നെ രോഗവുമില്ലല്ലോ!" എന്നായിരുന്നു പരിഹാസം.

ആരോഗ്യസംരക്ഷണത്തിനുള്ള ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പടക്കങ്ങളെ മരുന്നുകളായി പുനർനാമകരണം ചെയ്താൽ മതിയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

"ആരോഗ്യപരിരക്ഷ ചെലവേറിയതാകുമ്പോൾ പടക്കങ്ങളെ മരുന്നുകളായി പുനർനാമകരണം ചെയ്താൽ മതി. അന്ധവിശ്വാസത്തെയും തെറ്റായ ശാസ്ത്രത്തെയും കൂട്ടിക്കലർത്തുന്നതിനേക്കാൾ മികച്ചൊരു വോട്ട് ബാങ്ക് തന്ത്രമില്ല" എന്നായിരുന്നു കുറിപ്പ്.

വായുമലിനീകരണം വർധിക്കുന്നതിനെ ആരോഗ്യത്തിന് ഗുണകരമായ ഒന്നായി അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പരിഹാസം.

"അടുത്തതായി എക്യുഐ 500 പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണെന്ന് അവർ പറയുമായിരിക്കും" എന്നായിരുന്നു പ്രതികരണം.

2021ലാണ് പാപിയ അധികാരി ബി.ജെ.പിയിൽ ചേർന്നത്. അതേ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവ് അരൂപ് ബിശ്വാസിനെ പരാജയപ്പെടുത്തി ടോളിഗഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bursting crackers cures diseases; Bizarre remark by West Bengal BJP MLA goes viral
Next Story