പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇനി ജനനസർട്ടിഫിക്കറ്റ് വേണ്ട
text_fieldsന്യൂഡൽഹി: പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനനസർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കി. ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ജനന സർട്ടിഫിക്കറ്റിന് പകരം ആധാറോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിനെ അറിയിച്ചു.
1980ലെ പാസ്പോർട്ട് നിയമപ്രകാരം 26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്പോർട്ട് അപേക്ഷയോടൊപ്പം നിർബന്ധമായും ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്കൂളിൽ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സർട്ടിഫിക്കറ്റോ പാൻ കാർഡോ, ആധാർ കാർഡോ തിരിച്ചറിയിൽ കാർഡോ ഹാജരാക്കിയാൽ മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പാർലമെന്‍റിൽ പറഞ്ഞു.
പാസ്പോർട്ടിന് വേണ്ടി ഇനിമുതൽ ഡൈവോഴ്സ് രേഖകളോ ദത്തെടുക്കൽ സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. അനാഥർക്ക് വയസ് തെളിയിക്കുന്നതിന് വേണ്ടി അനാഥാലയത്തിൽ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.
പുതിയ പാസ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. 60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്ത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഡൈവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃസ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി. 2016 ഡിസംബർ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
