‘തരൂർ ബി.ജെ.പിയുടെ തത്തയോ, അനുകരണം പക്ഷികൾക്ക് നല്ലത്, രാഷ്ട്രീയത്തിൽ കൊള്ളില്ല’; രൂക്ഷ വിമർശനവുമായി വീണ്ടും മാണിക്കം ടാഗോർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും നിരന്തരം പ്രതിസന്ധിയിലാക്കുന്ന പ്രവർത്തകസമിതിയംഗം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മാണിക്കം ടാഗോർ എം.പി. തരൂർ ബിജെപിയുടെ തത്തയായോയെന്ന് എക്സിലെ പോസ്റ്റിലൂടെ മാണിക്കം ടാഗോർ ചോദിച്ചു.
അനുകരണം പക്ഷികൾക്ക് നല്ലതാണെന്നും രാഷ്ട്രീയത്തിൽ കൊള്ളില്ലെന്നും മാണിക്കം ടാഗോർ പ്രതികരിച്ചു. തരൂരിന്‍റെ പേരെടുത്ത് പറയാതെയുള്ള വിമർശിച്ച മാണിക്കം ടാഗോർ, ഒരു സഹപ്രവർത്തകൻ എന്നാണ് എക്സിൽ കുറിച്ചത്.
അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് തരൂർ ലേഖനം എഴുതിയതിന് പിന്നാലെയാണ് മാണിക്കം ടാഗോർ രംഗത്തെത്തിയത്. അടിയന്തരാവസ്ഥ ഇന്ത്യയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകളായി മാറിയെന്ന് തരൂർ ലേഖനത്തിൽ പറയുന്നു. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടുവെന്നും തരൂർ ലേഖനത്തിൽ വിമർശിക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് രാജ്യത്ത് നടന്നത്. നിർബന്ധിത വന്ധ്യംകരണം അതിന് ഉദാഹരണമാണ്. ഗ്രാമീണ മേഖലകളിൽ സ്വേഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജ് ഉപയോഗിച്ചു. കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിരയാണ്. കോൺഗ്രസ് പിന്നീട് അടിയന്തരാവസ്ഥയെ ഗൗരവം കുറച്ചുകണ്ടു. ഭരണഘടനാപരമായ നിയമങ്ങളുടെ പരസ്യമായ ലംഘനം ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. പീഡിത സമൂഹങ്ങളിൽ അടിയന്തരാവസ്ഥ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു -തരൂർ ചൂണ്ടിക്കാട്ടുന്നു
തരൂർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ജൂൺ 26ന് ശശി തരൂരിനെതിരെ വിമർശനവുമായി മാണിക്കം ടാഗോർ രംഗത്തുവന്നിരുന്നു. 'പറക്കാൻ അനുമതി ചോദിക്കരുത്. അവർക്ക് പറക്കാൻ അനുമതിയുടെ ആവശ്യമില്ല. എന്നാൽ, വേട്ടക്കിറങ്ങുന്ന കഴുകൻമാരുള്ള ആകാശത്ത് പറക്കുമ്പോൾ സൂക്ഷിക്കണം. വേട്ടക്കാർ ദേശസ്നേഹം തൂവലുകളായി അണിഞ്ഞിട്ടുണ്ടാകും' -മാണിക്കം ടാഗോർ വ്യക്തമാക്കി.
‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിലെ മോദി വാഴ്ത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ രൂക്ഷഭാഷയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചിരുന്നു. 'കോൺഗ്രസിന് രാജ്യമാണ് വലുത് എന്നാൽ ചിലർക്ക് മോദി വലുതും രാജ്യം രണ്ടാമതുമാണ്' ഖാർഗെ പറഞ്ഞു.
'ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിലനിർത്തിയിരിക്കുന്നത്. രാജ്യത്തിനുവേണ്ടി ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഓപറേഷൻ സിന്ദൂരിലും ഞങ്ങൾ ഒരുമിച്ച് നിന്നു. രാജ്യമാണ് ഞങ്ങൾക്ക് വലുത്. രാജ്യം ആദ്യം വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലർക്ക് മോദിയാണ് വലുത്. രാജ്യത്തിന് പിന്നെയാണ് സ്ഥാനം. അതിൽ നമുക്ക് എന്ത് ചെയ്യാനാവും?' -ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ പരിഹാസത്തിന് പിന്നാലെ പ്രതീകാത്മകമായ പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തി. ‘പറക്കാൻ അനുമതി ചോദിക്കേണ്ട, ചിറകുകൾ നിന്റേതാണ്, ആകാശം ആരുടേതുമല്ല’ എന്ന അടിക്കുറിപ്പോടെ പറന്നു പോകാനിരിക്കുന്ന പക്ഷിയുടെ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

