ബിനോയ് വിശ്വത്തെയും കപിൽ സിബലിനെയും ജയന്തിനെയും സംസാരിക്കാൻ അനുവദിച്ചില്ല
text_fieldsന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സിറ്റിങ്ങിൽ മുഴുവൻ കക്ഷി നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സി.പി.ഐയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ കേരളത്തിൽ നിന്നുള്ള എം.പിയായ ബിനോയ് വിശ്വത്തെ അനുവദിച്ചില്ല. തിങ്കളാഴ്ച മൂന്ന് തവണ ധൻഖറിനെ കണ്ട് ബിനോയ് വിശ്വം ആവശ്യപ്പെട്ടപ്പോൾ വിളിക്കാമെന്ന പറഞ്ഞ ധൻഖർ അത് ചെയ്യാതെ രാജ്യസഭാ നടപടികൾ അവസാനിപ്പിച്ചു. സംസാരിക്കാൻ പേര് നൽകിയിട്ടും ഉത്തർപ്രദേശിൽ നിന്നുള്ള എം.പിമാരായ കപിൽ സിബലിനെയും ജയന്ത് ചൗധരിയെയും ചെയർമാൻ സംസാരിക്കാൻ വിളിച്ചില്ല.
വിളിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സമയം അനുവദിക്കാതെ സഭ അവസാനിപ്പിച്ച രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറെ ബിനോയ് വിശ്വം അതിരൂക്ഷമായി വിമർശിച്ചു. സി.പി.ഐയെ സംസാരിക്കാൻ അനുവദിക്കാത്ത നടപടിയിലുടെ ധൻഖർ ജനാധിപത്യത്തിന്റെ മര്യാദ ലംഘിച്ചുവെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തന്റെ പേര് പട്ടികയിലുണ്ടായിരുന്നുവെന്നും നിരവധി തവണ അദ്ദേഹത്തെ ഓർമിപ്പിച്ചുവെന്നും ബിനോയ് പറഞ്ഞു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതിയ സി.പി.ഐയോടുള്ള നിന്ദയാണിതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.