കുട്ടികള്‍ക്കുള്ള ധീരത പുരസ്കാരം സമ്മാനിച്ചു
text_fieldsന്യൂഡല്‍ഹി: കുട്ടികളുടെ ധീരതക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തില്‍നിന്നുള്ള നാലുപേര്‍ക്കടക്കം 25 കുട്ടികള്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. ബിനില്‍ മഞ്ഞളി (അത്താണി, എറണാകുളം), കെ.പി. ബദറുന്നിസ (പട്ടാമ്പി, പാലക്കാട്), ആദിത്യന്‍ എം.പി പിള്ള (റാന്നി, പത്തനംതിട്ട), അഖില്‍ കെ. ഷിബു (മുണ്ടപ്പുഴ, പത്തനംതിട്ട) എന്നിവരാണ് കേരളത്തില്‍നിന്ന് അവാര്‍ഡിന് അര്‍ഹരായത്.
പെരിയാര്‍വാലി കനാലില്‍ ബണ്ട് റോഡിലെ വെള്ളത്തിലേക്ക് അര്‍ധരാത്രിയില്‍ ഓട്ടോ മറിഞ്ഞ് അപകടത്തില്‍പെട്ട ഒരാളെ രക്ഷിച്ചതിനും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതില്‍ നാട്ടുകാരെ പങ്കാളികളാക്കിയതിനുമാണ് കളമശ്ശേരി രാജഗിരി പബ്ളിക് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ബിനിലിന് അവാര്‍ഡ്. നെടുമ്പാശ്ശേരി അത്താണി മഞ്ഞളിയില്‍ എം.പി. ആന്‍റണിയുടെയും ബീന സക്കറിയയുടെയും മകനാണ്.
കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന അമ്മയെയും മകളെയും സാഹസികമായി രക്ഷിച്ചതിനാണ് പട്ടാമ്പി പ്രഭാത് കോളജിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനി ബദറുന്നിസക്ക് അവാര്‍ഡ്. പട്ടാമ്പി മരതൂര്‍ കുളത്തുംപടിയില്‍ ഹംസയുടെയും ഫാത്തിമയുടെയും മകളാണ്. പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട മൂന്നുപേരെ രക്ഷിച്ചതിനാണ് റാന്നി അങ്ങാടി വരവൂര്‍ മേലതില്‍ പ്രദീപ്-സുജ ദമ്പതികളുടെ മകന്‍ ആദിത്യന്‍ അവാര്‍ഡിനര്‍ഹനായത്. റാന്നി എം.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ്.
പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട അയ്യപ്പ ഭക്തനെ രക്ഷിച്ചതിനാണ് മുണ്ടപ്പുഴ കല്ലുപ്പറമ്പില്‍ കെ.എസ് ഷിബു- അനസു ദമ്പതികളുടെ മകന്‍ അഖില്‍ കെ. ഷിബുവിന് അവാര്‍ഡ്. റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
