ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചൊവ്വാഴ്ച മുതൽ ബിനീഷിനെ ചോദ്യം ചെയ്ത എൻ.സി.ബി മൊഴി രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച ഉച്ചയോടെ വിഡിയോ കോൺഫറൻസിങ് വഴി സിറ്റി സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കിയശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തിരികെയെത്തിച്ചു.
കസ്റ്റഡി നീേട്ടണ്ടതില്ലെന്ന് കോടതിയെ അറിയിച്ച എൻ.സി.ബി ആവശ്യമെങ്കിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബിനീഷിെൻറ ജുഡീഷ്യൽ കസ്റ്റഡി നവംബർ 25ന് അവസാനിക്കും.
അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസിൽ ഒരാൾകൂടി അറസ്റ്റിലായി. അനൂപും ബിനീഷും ഒരുമിച്ച് കൊക്കെയ്ൻ ഉപയോഗിച്ചതു കണ്ടെന്ന് ഇ.ഡിക്ക് മൊഴി നൽകിയവരിലൊരാളായ കർണാടക സ്വദേശി സുഹാസ് കൃഷ്ണഗൗഡയെയാണ് എൻ.സി.ബി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, ബംഗളൂരു സ്വദേശികളായ ഡി. അനിഘ, ട്രാൻസ്െജൻഡറും മോഡലുമായ ആദം പാഷ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. സുഹാസിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്ന എൻ.സി.ബി ബിനീഷിെൻറ ചോദ്യം ചെയ്യലിൽ ശേഖരിച്ച മൊഴികളും പരിശോധിക്കും.
ഗോവൻ സ്വദേശി സോണറ്റ് ലോബോയും ബിനീഷിെൻറ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. സുഹാസും സോണറ്റും അനൂപിെൻറ സുഹൃത്തുക്കളാണെന്നാണ് വിവരം.

