വനിത സംവരണ ബില്ലിന് തുടക്കം കുറിച്ചത് സോണിയ ഗാന്ധിയും യു.പി.എ സർക്കാറും- അധീർ രഞ്ജൻ ചൗധരി
text_fieldsന്യുഡൽഹി: വനിത സംവരണ ബില്ലിന് തുടക്കം കുറിച്ചത് സോണിയ ഗാന്ധിയും യു.പി.എ സർക്കാറുമാണെന്ന് അധീർ രഞ്ജൻ ചൗധരി. ബിൽ പാസായാൽ കോൺഗ്രസ് സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ ആഗ്രഹിക്കുന്നത് എത്രയും വേഗം ബിൽ പാസാകണമെന്നാണ്. വനിത സംവരണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് സോണിയ ഗാന്ധിയും യു.പി.എ സർക്കാറുമാണ്. ഒരുപാട് സമയമെടുത്തു, എങ്കിലും ബിൽ പാസായാൽ ഞങ്ങൾക്ക് സന്തോഷമാകും"- അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
വനിത സംവരണ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് ഇത് ഞങ്ങളുടേതാണ് എന്നാണ് സോണിയ ഗാന്ധി മറുപടി പറഞ്ഞത്.
രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.