പുറത്ത് വന്ന കൊടുംകുറ്റവാളികൾ ഇനി എന്തെല്ലാം ചെയ്യുമെന്ന് അറിയില്ല... -ബിൽക്കീസ് ബാനുവിന്‍റെ അഭിഭാഷക
text_fieldsബിൽക്കീസ് ബാനുവും അഭിഭാഷക ശോഭ ഗുപ്തയും
മുംബൈ: ''ബിൽക്കീസ് ബാനുവിന് നേരത്തെ തന്നെ അവരുടെ ഭീഷണിയുണ്ട്, പുറത്തുവന്ന അവർ ഇനി എന്താണ് ചെയ്യുക എന്ന് ഞങ്ങൾക്കറിയില്ല....'' ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുഞ്ഞടക്കം കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ അവരുടെ അഭിഭാഷക ഉയർത്തുന്ന ഗൗരവമേറിയ ആശങ്കയാണിത്.
കേസിന്‍റെ തുടക്കം മുതൽ ബിൽക്കീസ് ബാനുവിന്‍റെ കൂടെയുണ്ട് സുപ്രീംകോടതി അഭിഭാഷകയായ ശോഭ ഗുപ്ത. 'ഈ 11 കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ചത് ജയിലിൽ കഴിയുന്ന മറ്റ് ബലാത്സംഗികൾക്കും കൊലപാതകികൾക്കും ഒരു മാതൃകയായി കണക്കാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് തെറ്റായ തീരുമാനമാണ്. ഇത് നിഷേധാത്മകമായി പ്രയോഗിക്കാനോ രാജ്യത്ത് നിയമമാക്കാനോ കഴിയില്ല.' -അവർ പറയുന്നു.
20 വർഷങ്ങൾക്ക് മുമ്പ് തന്‍റെ 21-ാം വയസ്സിലാണ് ബിൽക്കീസ് വാക്കുകൾക്കതീതമായ ക്രൂരതക്ക് ഇരയാകുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ അതിഭീകരമായ ബലാത്സംഗ, കൊലപാതക കേസുകളിലൊന്നായിരുന്നു ഇത്. 2017-ൽ ബോംബെ ഹൈകോടതി കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. രണ്ട് വർഷത്തിന് ശേഷം, ബിൽക്കീസിന് വീടും ജോലിയും നൽകാനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. ഇന്ത്യയിൽ ഇതുവരെ ബലാത്സംഗം അതിജീവിച്ചവർക്ക് നൽകിയ ഏറ്റവും ഉയർന്ന നഷ്ടപരിഹാരമാണിത്. എന്നാൽ, ഇപ്പോൾ ഏതാനും വർഷങ്ങൾക്ക് ശേഷം കുറ്റം തെളിഞ്ഞ് കോടതി തടവുശിക്ഷ വിധിച്ച കൊടുംകുറ്റവാളികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരിക്കുകയാണ്.
ആഗസ്റ്റ് 14 ന് ശോഭ ഗുപ്തക്ക് ബിൽക്കീസിന്‍റെ ഭർത്താവ് യാക്കൂബ് റസൂലിന്‍റെ ഫോൺ വരുന്നു. "കുറ്റവാളികളെ മോചിപ്പിക്കാൻ എന്തെങ്കിലും ഉത്തരവുണ്ടോ" എന്ന് പരിഭ്രമത്തോടെയുള്ള ചോദ്യം. അങ്ങനെയൊന്നുമില്ലെന്നും ശാന്തനാകൂവെന്നും ശോഭ പറഞ്ഞു. എന്നാൽ, വാർത്ത സ്ഥിരീകരിച്ച് യാക്കൂബ് വീണ്ടും തന്നെ വിളിക്കുകയായിരുന്നെന്നും ശോഭ മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.
'അഞ്ച് മാസം ഗർഭിണിയായിരിക്കെ ബലാത്സംഗം ചെയ്യപ്പെടുന്നതും, അമ്മയും സഹോദരിയുമുൾപ്പെടെയുള്ള നിങ്ങളുടെ കുടുംബം കൺമുന്നിൽ കൊലചെയ്യപ്പെടുന്നതും, നിങ്ങളുടെ മൂന്ന് വയസ്സുള്ള കുട്ടിയെ പാറയിൽ ഇടിച്ച് കൊല്ലുന്നതും, ഒരു തുണിക്കഷണം പോലുമില്ലാതെ രാത്രി മുഴുവൻ സൂര്യോദയം വരെ ഉറ്റവരുടെ മൃതദേഹങ്ങൾക്കൊപ്പം ഇരിക്കേണ്ടി വരുന്നതും ആലോചിച്ച് നോക്കൂ....'
'ഇത്തരം കേസുകൾ നമ്മെ വേട്ടയാടും. അഭിഭാഷകരെന്ന നിലയിൽ, കേസുകളുടെ വിശദ വിവരണങ്ങളും സാക്ഷി വിവരണങ്ങളും വായിക്കുന്നതിനാൽ, കേസ് തീർന്നാലും അത് പലപ്പോഴും നമ്മെ വിട്ടുപോകില്ല. ബാനുവിനെക്കുറിച്ച് അറിഞ്ഞതോടെ, വിശദാംശങ്ങൾ കൂടുതൽ മനസ്സിലാക്കിയതോടെ രാത്രി എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. കോടതിയിൽ തെളിയിക്കപ്പെട്ട കുറ്റമായിരുന്നു അവരുടേത്. അവരെ വിട്ടയച്ചപ്പോൾ നടന്ന ആഘോഷങ്ങൾ പരിതാപകരമാണ്. അവർ യുദ്ധത്തിൽ വിജയിച്ചവരൊന്നുമല്ല. കുറ്റബോധമോ പശ്ചാത്താപമോ അവർക്ക് ഉണ്ടായിരുന്നില്ല. അവർ ബാനുവിനെ ഭീഷണിപ്പെടുത്തിയതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ അവർ ഇനി എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല...' -ശോഭ ഗുപ്ത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

