'ബിൽക്കീസ് ബാനു കേസ്: പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു'
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൂട്ടക്കൊല കേസിലെ പ്രതികൾ സാക്ഷികളെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെറ്റായ കാരണങ്ങൾ നിരത്തിയാണ് പ്രതികൾ നിരന്തരം പരോളിൽ ഇറങ്ങിയിരുന്നതെന്നും ഇക്കാലയളവിൽ രാഷ്ട്രീയ പാർട്ടി പരിപാടികളിൽ സംബന്ധിക്കാറുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പരോൾകാലത്ത് സാക്ഷികളെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും വധഭീഷണി ഉൾപ്പെടെ നടത്തിയതായും പറയുന്നു. ഇതിനെതിരെ ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജദേജക്ക് അഞ്ച് പേജ് കത്ത് അയച്ചിരുന്നതായി സാക്ഷികളിലൊരാളായ അബ്ദുറസാഖ് മൻസൂരി പറഞ്ഞു. 11 പ്രതികളിൽ നാലുപേരാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
മറ്റൊരു സാക്ഷി ഫിറോസ് ഗാഞ്ചി 2020 ജൂണിൽ റേഞ്ച് ഐ.ജിക്കും പരാതി നൽകി. അതിനിടെ തനിക്ക് ആരുടെയും കത്ത് കിട്ടിയിട്ടില്ലെന്നും പരോൾ തീരുമാനിക്കുന്നത് ജയിൽ അധികൃതരാണ് മന്ത്രിയല്ലെന്നും ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജദേജ പ്രതികരിച്ചു. 2002ലെ ഗുജറാത്ത് വംശഹത്യക്കേസുകളിൽ ഏറ്റവുമധികം ശ്രദ്ധനേടിയ കേസുകളിലൊന്നായിരുന്നു ബിൽക്കീസ് ബാനു കേസ്. ഗർഭിണിയായ 21കാരി ബിൽക്കീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബിൽക്കീസ് ബാനുവിന്റെ പിഞ്ചുമകളും ഉണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു മരിച്ചു എന്നു കരുതിയാണ് അക്രമിസംഘം സ്ഥലംവിട്ടത്. ജീവപര്യന്തം തടവ് വിധിക്കപ്പെട്ട കേസിലെ പ്രതികളെ അടുത്തിടെ മോചിപ്പിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

