പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുടുങ്ങി; കർണാടകയിൽ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsസഞ്ജുകുമാർ ഹൊസമനി
ബെംഗളൂരു: കർണാടകയിൽ പട്ടത്തിന്‍റെ നൂല് കുടുങ്ങി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ബിദർ ജില്ലയിലെ തലമാഡകി പാലത്തിന് സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്. നാൽപ്പത്തെട്ടുകാരനായ സഞ്ജുകുമാർ ഹൊസമനിയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്‍റെ നൂല് കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിൽ നിന്ന് താഴെ വീണ സഞ്ജുകുമാർ മകളുടെ ഫോൺ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചിരുന്നു. രക്തത്തിൽ കുളിച്ച അദ്ദേഹത്തെ മറ്റൊരു യാത്രക്കാരൻ തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചു. സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നുവെന്നും കാലതാമസം മരണകാരണമായെന്നും ബന്ധുക്കൾ ആരോപിച്ചു.
നൈലോൺ നൂൽ ഉപയോഗിച്ചുള്ള പട്ടത്തിന്‍റെ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്നും അടിയന്തിര സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കളും നാട്ടുകാരും അപകടസ്ഥലത്ത് പ്രതിഷേധിച്ചു. മന്ന എഖെല്ലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
പല പ്രദേശങ്ങളിലും ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന പട്ടത്തിന്‍റെ നൈലോൺ നൂലിന്‍റെ ഉപയോഗം വർഷങ്ങളായി രാജ്യത്ത് ജീവൻ അപഹരിക്കുന്ന ഭീഷണിയാണ്. തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ പട്ടത്തിന്‍റെ നൂല് കൊണ്ട് കഴുത്തിന് പരിക്കേറ്റയാൾ മരിച്ചിരുന്നു. ഡൽഹിയിലും ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്.
2025 ജൂലൈയിൽ വടക്കൻ ഡൽഹിയിലെ റാണി ഝാൻസി ഫ്ലൈഓവറിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 22 വയസ്സുള്ള വ്യവസായി യാഷ് ഗോസ്വാമിയുടെ കഴുത്തിലും പട്ടത്തിന്‍റെ നൂൽ കൊണ്ട് മുറിഞ്ഞതിനെ തുടർന്ന് മരിച്ചിരുന്നു. ഇത്തരം പട്ടം പിടിച്ചെടുക്കാൻ അധികൃതർ പരിശോധനകളും റെയ്ഡുകളും നടത്താറുണ്ടെങ്കിലും ആവർത്തിച്ചുള്ള മരണങ്ങൾക്ക് ഇത് പര്യാപ്തമല്ലെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

