കിലോമീറ്ററിന് മൂന്നുരൂപ: മുംബൈയിൽ ബൈക്ക് ടാക്സി അന്തിമഘട്ടത്തിൽ
text_fieldsമുംബൈ: കിലോമീറ്ററിന് മൂന്നുരൂപ നിരക്കിൽ ബൈക്ക് ടാക്സി സേവനങ്ങൾ കൊണ്ടുവരാൻ മുംബൈ ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. നയത്തിന്റെ കരട് നിയമസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതോടെ മുംബൈയിലെ യാത്ര കൂടുതൽ വേഗത്തിലും സാധാരണക്കാർക്ക് താങ്ങാനാവുന്നതും ആയി മാറും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ മാസം അവസാനമോ ഏപ്രിൽ ആദ്യമോ സേവനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.
ബൈക്ക് ടാക്സി യാത്രകൾക്ക് കിലോമീറ്ററിന് മൂന്നു രൂപയാണ് നിരക്ക് നിശ്ചയിച്ചത്. കൂടാതെ, ബൈക്കിൽ ജി.പി.എസ് സംവിധാനം നിർബന്ധമാണ്. പിൻസീറ്റ് യാത്രികൻ ഹെൽമെറ്റ് ധരിക്കണം, ബൈക്ക് ടാക്സികൾക്ക് മഞ്ഞ പെയിന്റ് നൽകും.
നേരത്തേ, മുംബൈയിൽ ബൈക്ക് ടാക്സി സേവനം ആരംഭിച്ചിരുന്നുവെങ്കിലും ടാക്സി, റിക്ഷാ യൂനിയനുകളുടെ എതിർപ്പിനെത്തുടർന്ന്, സേവനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. 2025 ജനുവരി 29ന് നടന്ന യോഗത്തിൽ നഗരത്തിൽ ബൈക്ക് ടാക്സികൾക്ക് സർക്കാർ വീണ്ടും അനുമതി നൽകുകയായിരുന്നു. മാർഗനിർദ്ദേശങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ബൈക്ക് ടാക്സി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. നിലവിൽ രാജ്യത്തുടനീളമുള്ള 22 സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സി സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഓല, യൂബർ കാർ ടാക്സികൾ, കാലി-പീലി ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ ഈടാക്കുന്നതിന്റെ പകുതിയിൽ താഴെയാണ് ബൈക്ക് ടാക്സികളുടെ നിരക്ക് എന്നും ഗതാഗത മന്ത്രി പ്രതാപ് സർനായക് പറഞ്ഞു.
ഈ സംരംഭം മഹാരാഷ്ട്രയിലെ 10,000 മുതൽ 20,000 വരെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കർമ്മ പദ്ധതിയിൽ ബൈക്ക് ടാക്സി സർവീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

