കേരളത്തിലേക്ക് ‘അതിഥി വോട്ടുകൾ’
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിശോധന (എസ്.ഐ.ആർ)യുടെ പ്രത്യാഘാതങ്ങൾ കേരളത്തിലേക്കും. ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകൾ അവർ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ബിഹാർ മാതൃകയിൽ രാജ്യമൊട്ടുക്കും എസ്.ഐ.ആർ നടപ്പാക്കുമെന്ന് കമീഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ബിഹാറിന് പുറമെ ബംഗാൾ, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ വോട്ടർമാരായി മാറും. ഇതോടെ തൊഴിലെടുക്കാൻ വന്ന അതിഥി തൊഴിലാളികളുടെ വോട്ട് കേരളത്തിന്റെ ജനവിധിയിൽ നിർണായകമാകും.
കേരളത്തിലേക്ക് വന്നവർ ബിഹാറിൽ വോട്ടർമാരല്ല
ബിഹാറിൽ വോട്ടർ പട്ടിക തീവ്രപരിശോധനയുടെ അപേക്ഷാ സമർപ്പണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് വോട്ടർപട്ടികയിൽനിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോയ നിരവധി വോട്ടർമാരെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തങ്ങളുടെ വോട്ടർപട്ടിക പരിശോധനക്കുള്ള അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാത്തവരെ ‘‘സ്ഥിരമായി മാറി താമസിച്ചവർ/കാണാൻ കഴിയാത്തവർ’’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 19ാം വകുപ്പ് പ്രകാരം ഒരാളെ ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർക്കണമെങ്കിൽ ആ മണ്ഡലത്തിലെ ‘സാധാരണ താമസക്കാരൻ’ ആയിരിക്കണം എന്ന നിബന്ധനയിൽ പിടിച്ചാണ് തൊഴിൽ തേടിപ്പോയവരെ നീക്കം ചെയ്തിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 20ാം വകുപ്പ് ‘സാധാരണ താമസക്കാരൻ’ (ordinarily resident) എന്നതിന് നൽകിയ വിവക്ഷയാണ് കമീഷൻ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒരാൾക്ക് ഒരു മണ്ഡലത്തിൽ വീടുള്ളതുകൊണ്ട് മാത്രം അവിടത്തെ ‘സാധാരണ താമസക്കാരൻ’ എന്നർഥമില്ല എന്നും അതേസമയം താൽക്കാലികമായി സ്വന്തം നാട്ടിൽ ഇല്ലാതെ പോയവരെ ‘സാധാരണ താമസക്കാരൻ’ ആയി കണക്കാക്കുമെന്നും 20ാം വകുപ്പ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞത്
ഈ വ്യാഖ്യാനത്തിലൂടെ ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്നും അന്തിമ വോട്ടർപട്ടികയിൽനിന്നും തൊഴിലിനായി കേരളത്തിലേക്ക് വന്നവരെയും നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന് ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാൻ പോയവർക്ക് ബിഹാറിൽ അല്ല അവർ പോയ സംസ്ഥാനങ്ങളിലായിരിക്കും വോട്ട് എന്ന ഉത്തരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയത്. ബിഹാറിനുശേഷം എസ്.ഐ.ആർ നടത്തുന്ന ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കമീഷൻ അറിയിച്ചു. കേരളത്തിൽ എസ്.ഐ.ആർ നടത്തുമ്പോൾ ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാൻ പോയവരെ വോട്ടർപട്ടികയിൽ നിന്നുമൊഴിവാക്കും. അവരും തങ്ങൾ തൊഴിലിന്റെ ഭാഗമായി താമസിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ പേരു ചേർക്കണമെന്നുമാണ് കമീഷൻ പറയുന്നത്.
കേരളത്തിൽ തൊഴിലെടുക്കാൻ ബിഹാറിൽനിന്നും ബംഗാളിൽനിന്നും വരുന്നവർ കേരളത്തിലെ വോട്ടർപട്ടികയിലാണ് തങ്ങളുടെ പേർ ചേർക്കേണ്ടതെന്നും ഭരണഘടനാപരമായ വോട്ടവകാശം അവർ താമസിക്കുന്ന സംസ്ഥാനത്താണെന്നും വിനിയോഗിക്കേണ്ടതെന്നും കമീഷൻ വ്യക്തമാക്കി.
വിദേശത്ത് തൊഴിലിന് പോയവർക്ക് ബാധകമല്ല
അതേസമയം 2010ൽ ജനപ്രാതിനിധ്യ നിയമത്തിലൂടെ പുതുതായി ചേർത്ത 20(എ) വകുപ്പ് പ്രകാരം ദീർഘകാലത്തേക്ക് വിദേശരാജ്യങ്ങളിൽ തൊഴിലിന് പോകുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) അവരുടെ വിസാരേഖകൾ സമർപ്പിച്ച് സ്വന്തം നാട്ടിലെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നാട്ടിലുണ്ടെങ്കിൽ അവർക്ക് വോട്ടുചെയ്യാനും ഇതുവഴി സാധിക്കും. വിദേശത്ത് പോയവർക്കുള്ള ഈ ഇളവും അന്യസംസ്ഥാനത്ത് തൊഴിലിന് പോയവർക്കുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

