ബിഹാർ ‘വോട്ടുബന്ദി’ വിഷയം പാർലമെന്റിൽ; ഇരുസഭകളും സ്തംഭിപ്പിച്ചു
text_fieldsവോട്ടർ പട്ടിക തീവ്രപരിശോധനക്തെിരെ പാർലമെന്റ് കവാടത്തിലെ ഇൻഡ്യ എം.പിമാരുടെ ധർണക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡി.എം.കെ നേതാവ് ടി.ആർ ബാലുവിനും സമാജ്വാദി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനുമൊപ്പം
ന്യൂഡൽഹി: ‘വോട്ടുബന്ദി’യെന്ന് വിളിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻഡ്യ എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. പാർലമെന്റിന് പുറത്ത് മുഖ്യ കവാടത്തിൽ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധ ധർണയും നടന്നു. ഇത് രണ്ടാം തവണയാണ് വോട്ടുബന്ദിയിൽ പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കുന്നത്. അതേസമയം എസ്.ഐ.ആറിൽ ചർച്ച നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി സർക്കാറിന് ചർച്ചക്ക് മറുപടി പറയാനാവില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ബുധനാഴ്ച കൈക്കൊണ്ടത്.
രാവിലെ 11 മണിക്ക് ലോക്സഭ ചേർന്നപ്പോൾതന്നെ പ്ലക്കാർഡുകളുമേന്തി പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. സമാജ് വാദി പാർട്ടി നേതാവ് ഡിമ്പിൾ യാദവ് കറുത്ത ഷാൾ വീശി കാണിക്കുകയും ചെയ്തു. ഇതിനിടയിൽ ചോദ്യോത്തരവേളയിലേക്ക് കടന്ന സ്പീക്കർ ഓം ബിർള അവരോട് സീറ്റിലേക്ക് മടങ്ങാൻ പറഞ്ഞെങ്കിലും എം.പിമാർ പിന്മാറിയില്ല.
മുദ്രാവാക്യം ഉച്ചത്തിലായതോടെ 12 മണിവരെ സഭ നിർത്തിവെച്ച് വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം തുടർന്നു. ഉച്ചക്ക് രണ്ടുമണിക്കും സഭ നടത്താനാകാതെ വന്നപ്പോൾ പൂർണമായും നിർത്തിവെച്ചു. ഇതിനിടയിൽ കായിക ബില്ലും മരുന്നടി നിരോധന ബില്ലും കേന്ദ്ര കായികമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം ജഗ്ദീപ് ധൻഖറിന്റെ രാജിയിൽ സ്തംഭിച്ച രാജ്യസഭ ബുധനാഴ്ച ബിഹാർ വോട്ടുബന്ദിയിലെ പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് മൂന്നുതവണ നിർത്തിവെച്ചു. നടപടികളിലേക്ക് കടക്കാനാകാതെ പൂർണമായും സഭ മുടങ്ങി.
തെരുവിലെ പ്രതിഷേധം പാർലമെന്റിൽ വേണ്ട -സ്പീക്കർ
ന്യൂഡൽഹി: തെരുവിലെ സമരപരിപാടികളുമായി സഭയിലേക്ക് വരേണ്ടെന്ന് ‘വോട്ടുബന്ദി’ക്കെതിരെ പ്ലക്കാർഡുകളുമായി സഭയിലേക്ക് വന്ന ഇൻഡ്യ എം.പിമാരെ ഓർമിപ്പിച്ച സ്പീക്കർ ഓം ബിർള അവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. പ്ലക്കാർഡുകൾ സഭക്കകത്ത് പറ്റില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ജനങ്ങളുടെ പ്രതീക്ഷകൾക്കും ചോദനകൾക്കുമൊത്ത് ഉയർന്നു പ്രവർത്തിക്കണമെന്നും എം.പിമാരെ ഈ തരത്തിൽ പ്രതിഷേധത്തിന് ഇറക്കുന്ന നേതാക്കൾ ആലോചിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ലോക്സഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ച തിങ്കളാഴ്ച
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് 16 മണിക്കൂർ നീളുന്ന ചർച്ച തിങ്കളാഴ്ച ലോക്സഭയിൽ തുടങ്ങാൻ കാര്യോപദേശക സമിതി യോഗത്തിൽ ധാരണയായി. രാജ്യസഭയിൽ ചൊവ്വാഴ്ചയും ചർച്ച തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചക്ക് മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പഹൽഗാം ഭീകരാക്രമണത്തിലും ഓപറേഷൻ സിന്ദൂറിലും കാര്യങ്ങൾ നല്ല നിലയിലല്ലെന്ന് രാജ്യത്തിനൊന്നടങ്കം അറിയാമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേശഭക്തരാണ് തങ്ങളെന്ന് പറയുന്ന ബി.ജെ.പിക്കാരെ ഇപ്പോൾ കാണാനില്ല.
പ്രധാനമന്ത്രി ഒരു പ്രസ്താവന പോലും നടത്തുന്നില്ല. ഓപറേഷൻ സിന്ദൂർ തങ്ങളാണ് നിർത്തിയതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുകയും പ്രധാനമന്ത്രി ഒന്നും പറയാതിരിക്കുകയും ചെയ്യുമ്പോൾ വല്ലതുമൊക്കെയുണ്ടെന്നാണ് നാം മനസ്സിലാക്കേണ്ടതെന്ന് രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

