ബിഹാർ വോട്ടർപട്ടികയിൽനിന്ന് നീക്കിയത് 52 ലക്ഷം പേരെ; നടക്കുന്നത് തെരഞ്ഞെടുപ്പ് കവർച്ചയെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രത്യേക തീവ്ര പുനഃപരിശോധന പ്രക്രിയയുടെ ഭാഗമായി ബിഹാർ വോട്ടർപട്ടികയിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ നീക്കിയത് 52 ലക്ഷം പേരുകൾ. മരിച്ചവർ, തൊഴിൽ തേടി കുടിയേറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുവന്നവർ എന്നിവരാണ് പട്ടികയിൽനിന്ന് പുറത്തായതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്.
ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ കരട് വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായശേഷം സെപ്റ്റംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കമീഷൻ പറയുന്നു.
കണക്കു പ്രകാരം പേരുകൾ നീക്കിയ 52 ലക്ഷം പേരിൽ 18 ലക്ഷം വോട്ടർമാർ മരണമടഞ്ഞവരാണ്. മറ്റു നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയവർ 26 ലക്ഷം, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഏഴ് ലക്ഷം പേർ എന്നിങ്ങനെയാണെന്നും കമീഷൻ വ്യക്തമാക്കുന്നു. നടക്കുന്നത് തെരഞ്ഞെടുപ്പ് കവർച്ചയാണെന്ന് ബിഹാർ വോട്ടർ പട്ടികയിൽ നിന്നും 52 ലക്ഷം പേർ പുറത്തായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
നിതീഷും തേജസ്വിയും നേർക്കുനേർ
ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന സംബന്ധിച്ച് നിയമസഭയിൽ കൊമ്പുകോർത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും.
തുടർച്ചയായ മൂന്നാം ദിവസവും ബിഹാർ നിയമസഭ പിരിച്ചുവിട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ എത്തിയത്. തേജസ്വിയെ അനുവദിച്ചതിനുപിന്നാലെ ഭരണപക്ഷ -പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യ വിളികളുമായി ഏറ്റുമുട്ടി. നിതീഷ് കുമാർ തേജസ്വിയെ ചെറിയ കുട്ടി എന്നടക്കം വിളിച്ച് പരിഹസിച്ചതോടെ പ്രതിഷേധം കനത്തു. നിങ്ങളൊരു കുട്ടിയാണ്. അച്ഛൻ ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. അമ്മയും മുഖ്യമന്ത്രിയായിരുന്നു. അവരുടെ ചരിത്രവും പ്രവൃത്തികളും നിങ്ങൾക്കറിയില്ലെന്നും നിതീഷ് പറഞ്ഞു. തേജ്വസി എഴുന്നേറ്റ് വീണ്ടും സംസാരിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ടു. സഭ ആരുടേയും പിതാവിന്റേതല്ലെന്ന തേജസ്വി നടത്തിയ പരാമർശത്തിൽ സഭ പ്രക്ഷുബ്ധമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

