‘ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ 65 ലക്ഷം പേരുടെ വിവരങ്ങൾ വെളിപ്പെടുത്തണം’; തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ 65 ലക്ഷം വോട്ടർമാരുടെ പേരുകൾ വെളിപ്പെടുത്താൻ സുപ്രീംകോടതി. വെട്ടിമാറ്റിയവരുടെ പേരുവിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയ്യാൻ, എൻ.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
എ.ഡി.ആർ (അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ്) എന്ന സർക്കാറേതര സന്നദ്ധ സംഘടനക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആണ് ഇടക്കാല അപേക്ഷയിലൂടെ വിഷയം ഉന്നയിച്ചത്. 65 ലക്ഷം പേരുകൾ വെട്ടിമാറ്റിയെന്നാണ് വ്യക്തമാകുന്നതെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ഇതിൽ 32 ലക്ഷം പേർ കുടിയേറിപ്പോയെന്നും കമീഷൻ പറയുന്നു. ബൂത്തുതല ഓഫിസർമാരാണ് ആരെയൊക്കെ പട്ടികയിൽനിന്ന് വെട്ടിമാറ്റണമെന്ന ശിപാർശ ചെയ്തിരിക്കുന്നതെന്നും ഭൂഷൺ വാദിച്ചു.
സാധാരണ നടപടിക്രമം അനുസരിച്ച് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾക്ക് ഈ വിവരം നൽകണമെന്നും അവരുമായി ഈ വിവരം പങ്കുവെച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ഇതിന് മറുപടി നൽകി.
എങ്കിൽ ആ വിവരം നൽകിയ രാഷ്ട്രീയ പാർട്ടികളുടെ പട്ടിക സമർപ്പിക്കണമെന്ന് കമീഷനോട് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ആഗസ്റ്റ് 12ന് കേസ് വീണ്ടും കേൾക്കുമെന്നും അതിനുള്ളിൽ കമീഷൻ മറുപടി നൽകണമെന്നും ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു.
ഒഴിവാക്കപ്പെട്ട ഓരോ വോട്ടർക്കും കമീഷൻ ഇതിനകം വിവരം നൽകിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ശനിയാഴ്ചക്കകം കമീഷൻ ഇതിന് മറുപടി നൽകണമെന്നും ആ മറുപടി പ്രശാന്ത് ഭൂഷൺ നോക്കട്ടെയെന്നും സുപ്രീംകോടതി തുടർന്നു. എന്തൊക്കെ കമീഷൻ വെളിപ്പെടുത്തിയെന്നും എന്തൊക്കെ വെളിപ്പെടുത്തിയില്ലെന്നും എന്നിട്ട് കാണാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

