അധ്യാപകർ "ഒന്നിനും കൊള്ളാത്തവൻ" എന്ന് വിളിച്ചു; ബിഹാർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ബംഗളൂരുവിലേക്ക് മാറിയത്. തുടർന്ന് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബി.എഫ്.എസ്,ഐ) പ്രൊഫഷണലുകൾക്ക് കോച്ചിങ് നൽകുന്ന മണിപ്പാൽ അക്കാദമിയിൽ ചുന്നു കുമാർ ചേരുകയും കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അക്കാദമിയിലെ അധ്യാപകർക്കെതിരെ മാനസിക പീഡനവും പരസ്യമായ അപമാനവും ചുന്നുവിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചുന്നുവിനെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും കുടുംബത്തെ അറിയിച്ചു. ക്ലാസ് മുറികളിൽ ചുന്നുവിനെ പരസ്യമായി അപമാനിക്കുകയും 'ഒന്നിനും കൊള്ളാത്തവൻ' എന്ന് വിളിക്കുകയും അമിതമായ പ്രോജക്റ്റ് വർക്കുകൾ നൽകി അക്കാദമി അധികൃതർ പലതവണ മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം താൻ അനുഭവിക്കുന്ന കടുത്ത മാനസിക വിഷമത്തെക്കുറിച്ച് ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായാണ് വിവരം. തുടർച്ചയായ അപമാനവും സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും വിഷാദരോഗത്തിലേക്ക് വീണിരുന്നതായി സുഹൃത്ത് അങ്കിത് ശർമ്മ കുടുംബത്തോട് പറഞ്ഞു.
എഫ്.ഐ.ആർ പ്രകാരം, മെയ് 18-ന് ചുന്നു സുഹൃത്ത് നിഖിൽ തിവാരിക്കൊപ്പം പരീക്ഷക്ക് ഹാജരായിരുന്നു. ഉച്ചക്ക് 12:30 ഓടെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് പകുതിക്ക് വെച്ച് ഇറങ്ങിയ ചുന്നു ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങി. പിന്നീട് വൈകുന്നേരം 5:30 നും 6:00 നും ഇടയിൽ റൂംമേറ്റ് അങ്കിത് മുറിയിൽ തിരിച്ചെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. എത്ര വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബാൽക്കണി ജനലിലൂടെ നോക്കിയപ്പോഴാണ് ചുന്നു കുമാറിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചുന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് ശേഷമുള്ള അക്കാദമി ജീവനക്കാരുടെ പെരുമാറ്റത്തിൽ എഫ്.ഐ.ആർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, അധികൃതർ എത്തുന്നതിന് മുമ്പ് അവർ തന്നെ മൃതദേഹം മുറിയിൽ നിന്ന് മാറ്റിയെന്നും ചുന്നുവിന്റെ പിതാവ് മുന്ന കുമാർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പരാതി നൽകുന്നതിനോ പരസ്യമായി സംസാരിക്കുന്നതിനോ വിദ്യാർത്ഥികളെ തടയാൻ ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി ചുന്നുവിന്‍റെ സുഹൃത്തുക്കളും ആരോപിച്ചു. അക്കാദമി ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, അപമാനം, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് മേധാവി ചന്ദ്രശേഖർ കന്നയ്യ, അധ്യാപിക സുനിതാശ്രീ ജഗ്താപ്, പ്രോഗ്രാം മേധാവി വെങ്കിടേഷ് കെ.വി, അക്കാദമി മാനേജ്‌മെന്റിലെ മറ്റ് അംഗങ്ങൾ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ അക്കാദമി ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

