ബിഹാർ എസ്.ഐ.ആർ: കൂട്ടത്തോടെ വെട്ടിയിട്ടും ഒരാളും പരാതിയുമായി വന്നില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന ആരോപണം ഉയർന്നിട്ടും ഒരാൾപോലും അതിനെതിരെ പരാതിയുമായി വന്നില്ലെന്ന് സുപ്രീംകോടതി. ബിഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ആശങ്ക ഉയർന്നപ്പോൾ, വെട്ടിമാറ്റിയാൽ അപ്പീൽ സമർപ്പിക്കാൻ അവരെ സഹായിക്കണമെന്ന് നിയമരംഗത്തെ സന്നദ്ധ പ്രവർത്തകർക്ക് നേരത്തേ നിർദേശം നൽകിയിയിരുന്നു. എന്നാൽ, ഒരു വോട്ടർപോലും അപ്പീൽ ഫയൽ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
എസ്. ഐ.ആർ നടപടിക്രമങ്ങളെക്കുറിച്ച് ഉൾനാടുകളിലെ ജനങ്ങൾക്കുപോലും അവബോധം ഉണ്ടായിരുന്നു. ഇതൊന്നും അറിയില്ലായിരുന്നുവെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. അപ്പോൾ പട്ടികയിൽനിന്ന് ഒഴിവാക്കൽ കൃത്യമാണെന്നാണ് അത് കാണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. എസ്.ഐ.ആറിന് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബാഗ്‌ചി പറഞ്ഞു.
അന്യനാട്ടിലേക്ക് വിവാഹം ചെയ്തു കൊണ്ടുവന്ന ഒരു സ്ത്രീ തന്റെ പിതാവിന്റെയോ പിതാമഹന്റെയോ പേരുകൾ തെരഞ്ഞ് ഓടേണ്ട സ്ഥിതിയാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ പിതാവോ പിതാമഹനോ പകരം ഏതെങ്കിലും ഒരു ബന്ധു ആയാൽ മതിയെന്ന് കമീഷൻ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

