വോട്ടർപട്ടികയിൽ നിന്ന് വ്യാപക ഒഴിവാക്കൽ; ഒക്ടോബർ 1ന് ജനകീയ ഹിയറിങ്ങുമായി സി.പി.ഐ (എം എൽ)
text_fieldsപട്ന : ബീഹാറിൽ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഒക്ടോബർ 1 ന് വിപുലമായ ജനകീയ ഹിയറിങ് സംഘടിപ്പിക്കാൻ സിപിഐ (എം എൽ) തീരുമാനിച്ചു. സംസ്ഥാനത്തെ പത്ത് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ നിന്നായി, വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവം ഒഴിവാക്കപ്പെടുകയും വോട്ടവകാശം നഷ്ടപ്പെടുകയും ചെയ്ത നിരവധി സാധാരണക്കാരായ ആളുകളെ ഈ ജനകീയ ഹിയറിങ്ങിൽ അണിനിരത്തുമെന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പട്നയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജീവിച്ചിരിക്കുന്നതും ബീഹാറിൽ തന്നെ സ്ഥിരതാമസമാക്കിയതുമായ ലക്ഷക്കണക്കിന് വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് വെട്ടിമാറ്റിയിരിക്കുന്നതെന്നും ഇതിനുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ പ്രക്രിയകൾ അടിയന്തരമായി നിർത്തിവെക്കണമെന്നും, ഈ അശാസ്ത്രീയമായ വോട്ടർപട്ടിക ഉപയോഗിച്ച് ബീഹാറിൽ നടത്തിയ തിരഞ്ഞെടുപ്പുകൾ റദ്ദാക്കി പുതിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും സിപിഐ (എം എൽ) ആവശ്യപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതിനുള്ള നിലവിലെ പ്രക്രിയയിൽ വലിയ രീതിയിലുള്ള തിരുത്തലുകൾ വരുത്തുന്നതിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ നടത്തിയ പത്രസമ്മേളനം തെറ്റുകൾ സമ്മതിക്കുന്നതിന് തുല്യമാണെന്നും, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ കമ്മീഷന് സുതാര്യമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അടിയന്തരമായി രാജിവെക്കണമെന്നും ദീപാങ്കർ ഭട്ടാചാര്യ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലും സമാനമായ രീതിയിൽ വോട്ടർമാരെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിച്ചുവെന്നും എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ അവർ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

