ബിഹാറിൽ ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
text_fieldsപട്ന: പട്നയിലെ രാം കൃഷ്ണ നഗറിൽ ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് ജഹനാബാദ് സ്വദേശിയായ 28കാരിയെ യുവാക്കൾ പീഡിപ്പിച്ചത്.
വ്യാജ വിവാഹ പരിപാടിയുടെ പേരിൽ തന്നെ വിളിച്ച് വരുത്തി പിന്റു കുമാർ, സഞ്ജീവ് കുമാർ, കരു കുമാർ എന്നീ മൂന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവാക്കൾ പരിപാടി ബുക്ക് ചെയ്തത് പ്രകാരം സ്ഥലത്തെത്തിയപ്പോൾ അവിടെ അങ്ങനെയൊരു പരിപാടി നടക്കുന്നില്ലെന്ന് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നവരോട് കാര്യം അന്വേഷിച്ചപ്പോൾ അവർ തനിക്ക് നേരെ തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് ഒരു മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. തന്നെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പറഞ്ഞു.
പ്രതികളുടെ കൈയിൽ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയിൽ കയറി വാതിലടച്ച യുവതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിച്ചു. സംഭവത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും ഇവരുടെ കൈയിൽനിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

