പട്‌ന: ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു കാരണമായി.

അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ബിഹാറിലെ മുസാഫർപുറിൽനിന്ന് ന്യൂഡൽഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 28ൽ ബെൽവ മേഖലയിൽവച്ചായിരുന്നു സംഭവം. ബസ് അപകടത്തിൽപ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

