ബിഹാർ ഫലം ബംഗാളിനെ ബാധിക്കില്ല; മമത നാലാം തവണയും അധികാരത്തിൽ വരും -തൃണമൂൽ
text_fieldsകൊൽക്കത്ത: അയൽ സംസ്ഥാനമായ ബീഹാറിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ നേടിയ വിജയം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. മമത ബാനർജി നയിക്കുന്ന പാർട്ടി 250ൽ അധികം സീറ്റുകളുമായി തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തുടരുമെന്നും ടി.എം.സി വക്താവ് കുനാൽ ഘോഷ് ‘എക്‌സി’ൽ പറഞ്ഞു. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് കഴിവില്ലെന്ന് ബിഹാറിലെ ഫലം വീണ്ടും അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അതാണ് ബിഹാറിന്റെ സമവാക്യം. ബംഗാളുമായി ഇതിന് ഒരു ബന്ധവുമില്ല. അത് ബംഗാളിനെ ബാധിക്കുകയുമില്ല. ബംഗാളിൽ, വികസനം, ഐക്യം, അവകാശങ്ങൾ, ആത്മാഭിമാനം എന്നിവയാണ് ഘടകങ്ങൾ. 250ലേറെ സീറ്റുകളോടെ, മമത ബാനർജി വീണ്ടും മുഖ്യമന്ത്രിയാകും’ -മുൻ രാജ്യസഭാ എം.പിയായ ഘോഷ് പറഞ്ഞു. ബി.ജെ.പിയെ എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ ബി.ജെ.പി-ജെഡി (യു) സമവാക്യം എങ്ങനെ വികസിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നുണ്ട്. എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ ഗൂഢാലോചന നടത്താൻ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ശ്രമിക്കുന്നുവെന്നും ടി.എം.സി നേതാവ് ആരോപിച്ചു.
ഏജൻസികളുടെയും കേന്ദ്ര അധികാരത്തിന്റെയും ദുരുപയോഗം ഉണ്ടാകും. ഇതിനെതിരെ തൃണമൂലിന്റെ നീക്കം തുടരും. അടുത്ത പൊതുജനസമ്പർക്കത്തിലൂടെ ബി.ജെ.പിയുടെ എല്ലാ ഗൂഢാലോചനകളെയും തൃണമൂൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയുടെ ബംഗാൾ യൂനിറ്റിനെതിരെ ആഞ്ഞടിച്ച ഘോഷ്, ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങളും ആത്മാഭിമാനവും വ്രണപ്പെടുത്തിക്കൊണ്ടും മറ്റൊരു സംസ്ഥാനത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടും നിങ്ങൾക്ക് ജനങ്ങളുടെ സ്നേഹം നേടാൻ കഴിയില്ല എന്നും പറഞ്ഞു. ബിഹാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ മമത ബാനർജിയുടെ വികസന മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

