ബിഹാറിലെ രാമനവമി സംഘർഷം പദ്ധതിയിട്ട് നടപ്പാക്കിയത്, സൂത്രധാരൻ ബജ്റംഗദൾ കൺവീനർ
text_fieldsബിഹാർ: രാമ നവമിയോടനുബന്ധിച്ച് ബിഹാറിലുണ്ടായ അക്രസംഭവങ്ങൾ കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കിയതാണെന്നും അതിനു പിന്നിൽ പ്രവർത്തിച്ചത് നളന്ദ ജില്ലയുടെ ബജ്റംഗദൾ കൺവീനറാണെന്നും പൊലീസ്.
ബജ്റംഗദൾ കൺവീനർ കുന്ദൻ കുമാറും മറ്റ് പ്രതികളും ചേർന്ന് പദ്ധതി തയാറാക്കുകയും സമുദായ സംഘർഷങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും 456 പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയും നിയന്ത്രിച്ചാണ് അക്രമങ്ങൾ നടപ്പാക്കിയത്.
രാമ നവമിക്ക് തൊട്ടു മുമ്പായി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കുന്ദൻ കുമാറാണെന്നും ബിഹാർ എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗവാർ പറഞ്ഞു.
അധികൃതർ കുന്ദൻ കുമാറിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ തുടങ്ങിയപ്പോൾ ഇയാൾ പൊലീസിൽ കീഴടങ്ങിയെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിനായ കിഷൻ കുമാറും പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
വാട്സ് ആപ്പ് ഗ്രൂപ്പിൽ, അക്രമം വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടന്നു. ഒരു സമുദായത്തെ ലക്ഷ്യമിട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കാനും പദ്ധതി തയാറാക്കിയെന്നും പൊലീസ് വ്യക്തമാക്കി. മറ്റു സമുദായങ്ങളെ കുറിച്ച് വ്യാജ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ജനങ്ങളെ ഗ്രൂപ്പ് പ്രേരിപ്പിക്കുകയും ചെയ്തു.
നളന്ദയിലെ സമുദായ സംഘർഷവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ കീഴടങ്ങി. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

