ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ മൂന്ന് ഘട്ടങ്ങളായി നടക്കും; റിപ്പോർട്ട്
text_fieldsപട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ മൂന്ന് ഘട്ടങ്ങളായി നടക്കുമെന്ന് റിപ്പോർട്ട്. നവംബർ അഞ്ചിനും 15നും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. നിലവിലെ സർക്കാറിന്റെ കാലാവധി നവംബർ 22നാണ് അവസാനിക്കുന്നത്. അതിനകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വോട്ടർ പട്ടികയും വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗൈനേശ് കുമാർ അടുത്താഴ്ച ബിഹാർ സന്ദർശിക്കും. സെപ്റ്റംബർ 30നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. തീവ്ര പരിഷ്‍കരണത്തിന്റെ ഭാഗമായി ബിഹാറിൽ കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇവരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് അന്തിമ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയാൽ എല്ലാ നടപടികളും റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ബിഹാറിൽ കൂടുതലായും ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കാറുള്ളത്. 2020ലെ തെരഞ്ഞെടുപ്പും മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
2015ലെ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എൻ.ഡി.എയും ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം. ബി.ജെ.പി, ജനതാദൾ(യുനൈറ്റഡ്),ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻ.ഡി.എ സഖ്യത്തിലുള്ളത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി(80), ജെ.ഡി.യു(45),ആർ.ജെ.ഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

