കിഷൻഗഞ്ച്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഹാറിലേക്ക് പണം ഒഴുകുന്നു. ബിഹാർ -ബംഗാൾ അതിർത്തിയിലെ കിഷൻഗഞ്ചിൽനിന്ന് രണ്ടുവാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപ പിടികൂടി. വോട്ടർമാർക്ക് നൽകാൻ സൂക്ഷിച്ച പണമാണിതെന്ന് പൊലിസ് പറഞ്ഞു.
സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 12.65 കോടി രുപ എൻഫോഴ്സ്മെൻറ് പിടികൂടി.
ജംഷഡ്പുർ സ്വദേശിയായ ബബ്ലൂ ചൗധരിയിൽനിന്ന് 60.26 ലക്ഷം പിടിച്ചെടുത്തു. ദേശീയ പാതയിലെ ദിവസേനയുള്ള പരിശോധനയുടെ ഭാഗമായാണ് പണം പിടികൂടിയത്. തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് കൂലി നൽകാൻ കൊണ്ടുപോകുന്ന പണമാണെന്നായിരുന്നു ബബ്ലുവിെൻറ വിശദീകരണം. എന്നാൽ പണത്തിെൻറ മതിയായ രേഖ ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. അഞ്ചുലക്ഷം രൂപ ജിതേന്ദ്ര കുമാർ എന്നയാളിൽ നിന്നാണ് പിടികൂടിയത്. കിഷൻഗഞ്ചിൽ മൂന്നാംഘട്ടമായ നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്.