ബിഹാർ: സത്യപ്രതിജ്ഞ 20ന്?
text_fieldsപട്ന: ബിഹാറിൽ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കും. പട്നയിലെ ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞ ചടങ്ങിന്റെ പ്രത്യേക വേദിക്കായുള്ള ഒരുക്കം പുരോഗമിക്കുകയാണ്. വ്യാഴം അല്ലെങ്കിൽ വെള്ളിയെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിക്കും.അതിനിടെ, തിങ്കളാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാറിന്റെ അവസാന മന്ത്രിസഭായോഗം നടന്നു. നിയമസഭ പിരിച്ചുവിടാൻ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ബിഹാറിൽ എൻ.ഡി.എ വിജയത്തിൽ നിതീഷിന് നന്ദി അറിയിക്കുന്ന പ്രമേയവും മന്ത്രിസഭായോഗത്തിൽ പാസാക്കി. യോഗശേഷം, നിതീഷ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
തേജസ്വി പാർലമെന്ററി പാർട്ടി നേതാവ്
പട്ന: ബിഹാറിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ആർ.ജെ.ഡി, നിലവിലെ പ്രതിപക്ഷ നേതാവ് തേജസ്വിയെ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. 143 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡിക്ക് 25 സീറ്റാണ് ലഭിച്ചത്. തിങ്കളാഴ്ചയാണ് തേജസ്വിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്
നിതീഷിന് പുറമെ ജെ.ഡി.യുവില്‍നിന്ന് 14 പേരും 16 ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരി എൻ.ഡി.എ ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാസഖ്യം 35 സീറ്റില്‍ ഒതുങ്ങി. 89 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി ജെ.ഡി.യു ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പസ്വാന്റെ എല്‍.ജെ.പി (റാംവിലാസ്) ഉള്‍പ്പെടെ മുന്നണിയിലെ എല്ലാ കക്ഷികളും മിന്നുംപ്രകടനം കാഴ്ചവച്ചു.
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിൽ തേജസ്വി യാദവിന്‍റെ ആർ.ജെ.ഡി 25 സീറ്റുകളിൽ വിജയിച്ചു. കോണ്‍ഗ്രസ്, സി.പി.ഐ (എം.എല്‍) തുടങ്ങി മഹാസഖ്യത്തിലെ മറ്റു പാര്‍ട്ടികളൊന്നും രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ലഭിച്ചത് ആറ് സീറ്റ് മാത്രം. സി..പി.എം ഒറ്റ സീറ്റിലൊതുങ്ങി. സി.പി.ഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികള്‍ക്കും രണ്ട് സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. എക്സിറ്റ് പോളുകളിൽ പ്രവചിച്ചതിനേക്കാൾ വലിയ വിജയമാണ് ബിഹാറിൽ എൻ.ഡി.എ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

