തൊഴിലവസരങ്ങളാണ് ബിഹാറിന് ആവശ്യം; പ്രശാന്ത് കിഷോർ ജന നേതാവല്ല... - തേജസ്വി യാദവ്
text_fieldsരാജ്യം ഗൗരവത്തോടെയാണ് നോക്കിക്കാണുന്ന ബിഹാർ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്...:
തൊഴിലവസരങ്ങൾ ചെലവല്ല, നിക്ഷേപമാണ്
ആരോഗ്യപരമായ സമ്പദ് വ്യവസ്ഥക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. തൊഴിൽ എന്നത് ആരോഗ്യം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള വികസനം എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നു. ഇവിടെ ഞങ്ങൾ തൊഴിലവസരങ്ങളെ നിക്ഷേപമായാണ് കാണുന്നത്, അല്ലാതെ ചെലവായി കണക്കാക്കുന്നില്ല.
സാമൂഹിക മേഖലയിൽ പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ നമുക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇവ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് മാത്രമല്ല അവ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾ, ജല, വൈദ്യുതി വിതരണം എന്നിവ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് പലതരത്തിൽ ഫലമുണ്ടാകും.
ഇതിന് ആവശ്യമായി വരുന്ന ചെലവിനെക്കുറിച്ചും അവ എങ്ങനെയാണ് സമൂഹത്തിൽ നടപ്പാക്കേണ്ടത് എന്നിവയിലെല്ലാം വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. തൊഴിലവസരങ്ങൾ ചുരുക്കാനും തൊഴിലാളികളെ ചെലവുകളായി കാണാനും ശ്രമിക്കുന്ന മുഖ്യധാരാ ആഖ്യാനം മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നത്.
ജനക്ഷേമ പദ്ധതികളും സുസ്ഥിരതയും
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന ജനങ്ങളുള്ള സംസ്ഥാനത്ത് വലിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതുവരെ ധനസഹായങ്ങൾ അടിയന്തിര ആശ്വാസമാണ്. അടിസ്ഥാന സൗകര്യങ്ങളും തൊഴിലും വർധിക്കുന്നതുവരെ അവർക്ക് ഇടക്കാല ആശ്വാസം നൽകേണ്ടത് അനിവാര്യമാണ്.
ഒരു കോടിയിലധികം വരുന്ന സ്ത്രീകൾക്ക് 10,000 രൂപ വീതം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തത് വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള എൻ.ഡി.എയുടെ തന്ത്രം മാത്രമാണ്. എന്നാൽ ഞങ്ങൾ മുന്നോട്ടുവെച്ച 'മൈ ബെഹൻ മാൻ യോജന' പ്രകാരം സ്ത്രീകൾക്ക് 2,500 രൂപ നൽകുന്നതിലൂടെ സുസ്ഥിരമായ സാമ്പത്തിക പിന്തുണയാണ് പദ്ധതിയിടുന്നത്.
പ്രശാന്ത് കിഷോർ ജന നേതാവല്ല
പ്രശാന്ത് കിഷോറിനെ ഒരു ജന നേതാവായി കാണാൻ സാധിക്കില്ല. അതിനെ ഒരു മാധ്യമ സൃഷ്ടി മാത്രമായാണ് കാണുന്നത്. അദ്ദേഹം പദ്ധതികൾ തയ്യാറാക്കി മറ്റുള്ളവർക്ക് വിൽക്കുന്നു. പണം നൽകുന്ന ഏതൊരാൾക്കും പിന്നിൽ പ്രവർത്തിക്കുന്ന ഒരു കൺസൾട്ടന്റാണ് അദ്ദേഹം. യഥാർഥ രാഷ്ട്രീയം ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ വേദന മനസ്സിലാക്കി പരിഹാരങ്ങൾ നൽകുന്നതാണ്. ബിഹാറിലെ ജനങ്ങൾ ജ്ഞാനികളാണ്, സംസാരിക്കുന്ന ഒരാളെയും പ്രവർത്തിക്കുന്ന ഒരാളെയും തമ്മിലുള്ള വ്യത്യാസം അവർക്ക് മനസ്സിലാക്കാൻ കഴിയും.
രാഷ്ട്രീയ പകപോക്കൽ
തനിക്കെതിരെയുള്ള കേസുകൾ (ഐ.ആർ.സി.ടി.സി കേസ് പോലുള്ളവ) രാഷ്ട്രീയപരമായ പകപോക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയമായി തോൽപ്പിക്കാൻ കഴിയാത്തപ്പോൾ എതിരാളികൾ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതാണ്. എന്റെ അച്ഛൻ (ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്) മുമ്പ് ഇത് നേരിട്ടിരുന്നു. ഇപ്പോൾ ഞാനും ഇത് നേരിടുന്നു. നാളെ അവർക്കെതിരെ നിലകൊള്ളുന്ന ആരെയും അവർ ലക്ഷ്യം വെക്കും.
സഖ്യത്തിന്റെ ഐക്യം
പ്രാദേശികമായ ചില 'സൗഹൃദ മത്സരങ്ങൾ' ഉണ്ടെങ്കിലും തങ്ങളുടെ പൊതുലക്ഷ്യം നിലവിലെ സർക്കാരിനെ പുറത്താക്കുക എന്നതാണ്. ഐക്യം എന്നാൽ ഏകീകൃത സ്വഭാവമല്ല. എന്നാൽ തൊഴിൽ, വികസനം, സാമൂഹ്യനീതി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സഖ്യകക്ഷികൾ ഒരേ അഭിപ്രായക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

