‘ആരാണ് ഇപ്പോൾ മധുരം കഴിക്കുന്നത്? എല്ലാവർക്കും പ്രമേഹമല്ലേ?’; പഞ്ചസാര വിലക്കയറ്റത്തിൽ വിവാദ മറുപടി, വെട്ടിലായി ബിഹാർ മന്ത്രി
text_fieldsബിഹാർ മന്ത്രി ശ്രാവൺ കുമാർ
പട്ന: പഞ്ചസാര വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ പുലിവാൽ പിടിച്ച് ബിഹാർ മന്ത്രി ശ്രാവൺ കുമാർ. രാജ്യത്ത് പഞ്ചസാര വില കിലോയ്ക്ക് 65 മുതൽ 70 രൂപ വരെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബിഹാർ ഗ്രാമീണ വികസന മന്ത്രി നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയത്.
വിലക്കയറ്റത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി വെട്ടിലായത്. "ആരാണ് ഇപ്പോൾ മധുരവും മറ്റും കഴിക്കുന്നത്? എല്ലാവർക്കും പ്രമേഹമല്ലേ?" എന്നായിരുന്നു ബിഹാർ മന്ത്രി ശ്രാവൺ കുമാറിന്റെ മറുപടി.
സാധാരണക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ജനങ്ങളുടെ ആരോഗ്യത്തെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി. ബിഹാറിലും കൊൽക്കത്തയിലും അടക്കം പഞ്ചസാര വില കിലോയ്ക്ക് 65-70 രൂപയായി വർധിച്ചിരുന്നു.
അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എഥനോൾ ഉൽപാദനത്തിനായി പഞ്ചസാര തിരിച്ചുവിട്ടതല്ല വിലവർധനവിന് കാരണമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സീസണിൽ പഞ്ചസാര ഉൽപാദനം 306 ലക്ഷം മെട്രിക് ടണ്ണായി കുറയാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഉത്സവ സീസൺ മുന്നിൽ കണ്ട് രാജ്യത്തെ പഞ്ചസാര വില പിടിച്ചുനിർത്താൻ ഒക്ടോബർ 31 വരെ 10 ലക്ഷം ടൺ വരെ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം താരിഫ് റേറ്റ് കോട്ടയുടെ കീഴിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

