എം.എൽ.സി തെരഞ്ഞെടുപ്പ്: ബിഹാറിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം തകർത്ത് ആർ.ജെ.ഡി; അകൗണ്ട് തുറന്ന് പ്രശാന്ത് കിഷോർ
text_fieldsപട്ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കോട്ട തകർത്ത് രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) ചരിത്ര വിജയം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ബി.ജെ.പി കുത്തകയാക്കി വെച്ചിരുന്ന പട്ന അധ്യാപക മണ്ഡലത്തിൽ ബി.ജെ.പി മുതിർന്ന നേതാവ് നവൽ കിഷോർ യാദവിനെ ആർ.ജെ.ഡി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് കുമാർ സിംഗ് പരാജയപ്പെടുത്തി. കഴിഞ്ഞ 30 വർഷമായി തുടർച്ചയായി ബി.ജെ.പി ടിക്കറ്റിൽ ജയിച്ചുവന്നിരുന്ന നേതാവാണ് നവൽ കിഷോർ യാദവ്.
അതേസമയം, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ആദ്യമായി അക്കൗണ്ട് തുറന്നു. ദർഭംഗ അധ്യാപക മണ്ഡലത്തിൽ സിറ്റിംഗ് കോൺഗ്രസ് എം.എൽ.സി മദൻ മോഹൻ ഝായെ 324 വോട്ടുകൾക്ക് അട്ടിമറിച്ച് ജൻ സുരാജ് സ്ഥാനാർത്ഥി സുരേഷ് പ്രസാദ് റായ് വിജയിച്ചു.
വോട്ടെണ്ണൽ ഹാളിൽ സംഘർഷം; ബി.ജെ.പിക്കെതിരെ ആർ.ജെ.ഡി വിജയി
വിജയത്തിന് പിന്നാലെ വോട്ടെണ്ണൽ ഹാളിൽ ബി.ജെ.പി അനുകൂലികൾ വലിയ സംഘർഷമുണ്ടാക്കിയതായി ആർ.ജെ.ഡി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് കുമാർ സിംഗ് ആരോപിച്ചു. തോൽവി ഭയന്ന ഭരണകൂടം വലിയ പരിഭ്രാന്തിയിലായിരുന്നുവെന്നും വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കയ്യാങ്കളിയും സംഘർഷവും സൃഷ്ടിച്ചെന്നും സിംഗ് പറഞ്ഞു. വോട്ടെടുപ്പ് ദിവസം അഞ്ച് വാഹനങ്ങളിലായി ബൗൺസർമാരുമായാണ് ബി.ജെ.പി സംഘം എത്തിയതെന്നും അദ്ദേഹം ആക്ഷേപിച്ചു. അധ്യാപകർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ച് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിച്ച മറ്റ് സീറ്റുകളിൽ, തിർഹത് അധ്യാപക മണ്ഡലത്തിൽ ബി.ജെ.പിയുടെ നരേന്ദ്ര പ്രസാദ് സിംഗ് വിജയിച്ചപ്പോൾ, സാരൻ അധ്യാപക മണ്ഡലത്തിൽ ബി.ജെ.പി വിമതനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ രാഹുൽ രാജ് 1,815 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ (ആകെ 4,827 വോട്ടുകൾ) വിജയം നേടി.
പട്ന ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ജെ.ഡി.യു മുന്നേറ്റം; അനന്ത് സിംഗിന്റെ നീക്കം പാളി
പട്ന ബിരുദധാരികളുടെ മണ്ഡലത്തിൽ ജെ.ഡി.യു പിന്തുണയുള്ള നീരജ് കുമാർ വിജയമുറപ്പിച്ചു. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അനുഗ്രഹവും മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, നിശാന്ത് കുമാർ എന്നിവരുടെ നേതൃത്വവുമാണ് വെല്ലുവിളികളെ അതിജീവിച്ച് വിജയത്തിലേക്ക് നയിച്ചതെന്ന് നീരജ് കുമാർ പറഞ്ഞു. രണ്ടാം മുൻഗണനാ വോട്ടുകളുടെ എണ്ണൽ പൂർത്തിയായി ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. പാർട്ടി നിലപാട് തള്ളി ജൻ സുരാജ് സ്ഥാനാർത്ഥി അനുജ് സിംഗിനെ പരസ്യമായി പിന്തുണച്ച ജെ.ഡി.യു എം.എൽ.എ അനന്ത് സിംഗിന് ഈ ഫലം കനത്ത പ്രഹരമായി മാറി. നേതൃത്വത്തെ ധിക്കരിച്ചതിന് അനന്ത് സിംഗിനെയും മുൻ എം.എൽ.എയായ ഭാര്യ നീലം ദേവിയെയും ജെ.ഡി.യു ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നീരജ് കുമാറിനെ അഭിനന്ദിക്കില്ലെന്ന് വ്യക്തമാക്കിയ അനന്ത് സിംഗ്, വോട്ടർമാരാണ് പരമാധികാരികളെന്നും ജനങ്ങളുടെ വിധി ദൈവഹിതം പോലെ അംഗീകരിക്കുന്നുവെന്നും പ്രതികരിച്ചു. പാർട്ടിയുമായി തർക്കത്തിനില്ലെന്നും പാർട്ടി തീരുമാനങ്ങൾ തനിക്ക് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ എട്ട് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാല് അധ്യാപക മണ്ഡലങ്ങളിലെ ഫലമാണ് ഔദ്യോഗികമായി പുറത്തുവന്നത്. ശേഷിക്കുന്ന നാല് ബിരുദധാരികളുടെ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി മത്സരരംഗം ചൂടുപിടിപ്പിച്ച ജൻ സുരാജ് പാർട്ടിയുടെ ആദ്യ കൗൺസിൽ വിജയം ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

