സ്കൂളിലെത്താൻ കയറിൽ കെട്ടിയ ഇരുമ്പ് ചങ്ങാടത്തിൽ നദി മുറിച്ചുകടന്ന് കുട്ടികൾ; ആശങ്ക
text_fieldsപട്ന: സ്കൂളിലെത്താൻ പ്രളയത്തിൽ കരകവിഞ്ഞൊഴുകുന്ന നദി കയറിൽ കെട്ടിയ പോണ്ടൂണിലൂടെ (ഇരുമ്പ് ചങ്ങാടം) മുറിച്ചുകടന്ന് ബിഹാറിലെ വിദ്യാർഥികൾ. ബർഹ് ജില്ലയിലെ ഏകദംഗ പഞ്ചായത്തിലെ കുട്ടികളാണ് മുഹാനെ നദി പോണ്ടൂണിന്റെ സഹായത്തോടെ കടന്ന് മറുകരയിലെ സർക്കാർ പ്രൈമറി സ്കൂളിലെത്തുന്നത്. നദിയിലെ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ അപകടകരമായ യാത്ര.
ഗംഗയിലെ വെള്ളം ഉയർന്നതോടെ മുഹാനെ നദിയിലും ജലനിരപ്പ് ഉയർന്നിരുന്നു. താൽക്കാലികമായി ഒരുക്കിയ വലിയ ഇരുമ്പ് പോണ്ടൂണിൽ കയർ കെട്ടിയാണ് ഗ്രാമവാസികൾ ഇരു കരകളിലേക്കും സഞ്ചരിക്കുന്നത്. ഇതേ സംവിധാനം തന്നെയാണ് കുട്ടികളും സ്കൂളിലെത്താൻ ഉപയോഗിക്കുന്നത്. ചെറിയ കുട്ടികൾ കയറിൽ പിടിച്ച് പോണ്ടൂണിൽ കയറി അപകടകരമായ രീതിയിൽ നദി കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുതിർന്നവരുടെ സഹായമില്ലാതെയാണ് കുട്ടികൾ നദി മുറിച്ചുകടക്കുന്നത്.
കുട്ടികളുടെ നദി മുറിച്ചു കടക്കൽ അപകടകരമാണെന്ന് സ്കൂളിന്റെ ചുമതലയുള്ള അധ്യാപകൻ ആദർശ് അനികേത് പറഞ്ഞു. കുട്ടികളോടൊപ്പം രക്ഷിതാക്കൾ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പല രക്ഷിതാക്കളും ജോലിക്ക് പോകുന്നതിനാൽ കുട്ടികളോപ്പം യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുട്ടികൾക്ക് സ്കൂളിലെത്താൻ മറ്റൊരു റോഡ് മാർഗമുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ രണ്ട് കിലോമീറ്റർ അധികം യാത്ര ചെയ്തുവേണം ഈ വഴിയിലൂടെ സ്കൂളിലെത്താൻ. നദിയിലൂടെയുള്ള അപകടകരമായ യാത്രക്ക് പകരം ഈ പാത ഉപയോഗിക്കാൻ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ടെന്ന് ബർഹ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അമിത് കുമാർ അറിയിച്ചു. കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിലെത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

