പ്രധാനമന്ത്രിയുടെയും നിതീഷ് കുമാറിന്റെയും കീഴിലുള്ള താലിബാനാണ് ബിഹാർ; തേജസ്വി യാദവ്
text_fieldsതേജസ്വി യാദവ്
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പ്രധാനമന്ത്രിയും നിതീഷ് കുമാറും ബിഹാറിനെ താലിബാൻ ആക്കി മാറ്റിയെന്നും വർധിച്ചുവരുന്ന അക്രമങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.
'ബി.ജെ.പി സർക്കാർ ബിഹാറിനെ താലിബാനാക്കി മാറ്റി! ഗയയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി, പട്നയിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ വെടിവെപ്പ്, പട്നയിൽ മറ്റൊരു സ്ത്രീയെ വെടിവെച്ചു, റോഹ്താസിൽ ബിസിനസുകാരൻ കൊല്ലപ്പെട്ടു. എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ എടുത്ത് കാണിച്ചാണ് സാമൂഹ്യമാധ്യമമായ എക്സ് വഴി തേജസ്വി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിച്ചത്. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ മോദി-നിതീഷ് ബി.ജെ.പി സഖ്യം നിസ്സഹായരാണെന്നും തേജസ്വി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് പട്നയിൽ സ്വകാര്യ ആശുപത്രിയിലേക്ക് സിനിമ മോഡലിൽ അതിക്രമിച്ചു കയറിയ അഞ്ച് അജ്ഞാത അക്രമികൾ പരോളിൽ പുറത്തിറങ്ങിയ തടവുകാരനെ പട്ടാപകൽ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഗയയിൽ ബൈക്കിലെത്തിയ മറ്റൊരു സംഘം വിരമിച്ച ആരോഗ്യ പ്രവർത്തകയെ വെടിവെച്ചു കൊന്നതായും തേജസ്വി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് പ്രമുഖ വ്യവസായിയായ ഗോപാൽ ഖേംകയെ പട്നയിൽ വീടിനോട് ചേർന്ന് തന്റെ കാറിൽ നിന്നും ഇറങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയുണ്ടായി. പൊലീസ് എൻകൗണ്ടറിലൂടെ പ്രതിയെ കൊലപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് കഴിയുന്നില്ല. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തേജസ്വി യാദവിന്റെ ഈ രൂക്ഷ വിമർശങ്ങൾ എന്നതിനാൽ സംഭവത്തിൽ കൃത്യമായ പ്രതികരണം ബി.ജെ.പിയും മുഖ്യമന്ത്രിയും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

