ജനൽ അടക്കുന്നതിനെ ചൊല്ലി തർക്കം: ഹെഡ്മിസ്ട്രസിനെ വളഞ്ഞിട്ട് തല്ലി അധ്യാപികമാർ -വിഡിയോ
text_fieldsബിഹാർ: ജനൽ വാതിൽ അടക്കുന്നതിനെ ചൊല്ലി ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ബിഹാർ പാട്നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം. കുട്ടികൾ നോക്കി നിൽക്കെയാണ് ടീച്ചർമാർ തമ്മിൽ തല്ലിയത്.
ആദ്യം ക്ലാസിൽ നിന്ന് ആരംഭിച്ച തല്ല് പിന്നീട് സ്കൂളിനു പുറത്തെ വയലിലേക്ക് എത്തുകയായിരുന്നു. രണ്ട് അധ്യാപികമാർ ചേർന്ന് പ്രധാന അധ്യാപികയെ ചെരിപ്പുകൊണ്ടും വടികൊണ്ടും പൊതിരെ തല്ലി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ക്ലസ്റൂമിന്റെ ജനൽ വാതിൽ അടക്കാൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെടുകയും അത് അധ്യാപിക നിരസിക്കുകയും ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. കാന്തി കുമാരി എന്ന എച്ച്.എമ്മും അധ്യാപികയായ അനിത കുമാരിയും തമ്മിലായിരുന്നു തർക്കം. രൂക്ഷമായ വാക് തർക്കം ഒടുവിൽ കൈയാങ്കളിയിലെത്തുകയായിരുന്നു.
വാക് തർക്കത്തിനൊടുവിൽ കാന്തി കുമാരി ടീച്ചർ ക്ലാസ് വിട്ടറങ്ങുകയും അനിത കുമാരി പിറകെ പോയി ചെരിപ്പുകൊണ്ട് അടിക്കുകയുമായിരുന്നു. അതിനിടെ മറ്റൊരു ടീച്ചറും എത്തി കാന്തി കുമാരിയെ മർദിക്കാനാരംഭിച്ചു. മൂവരും മണ്ണിൽ മറിഞ്ഞു വീണും മുടി പിടിച്ചു വലിച്ചും ചെരിപ്പുകൊണ്ട് അടിച്ചും അതിരൂക്ഷമായി അടി തുടർന്നു.
പിന്നീട് ചില ആളുകൾ ഇടപെട്ടാണ് അടി അവസാനിപ്പിച്ചത്. വിദ്യാർഥികൾ അധ്യാപകരുടെ അടി ഞെട്ടലോടെ നോക്കി നിൽക്കുന്നതും കാണാം. രണ്ട് അധ്യാപകരും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടെന്നും അതാണ് അടിയിൽ കലാശിച്ചതെന്നും ബ്ലോക്ക് എജുക്കേഷൻ ഓഫീസർ സരേഷ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നും ഹദ്ദേഹം കൂട്ടിച്ചേർത്തു.