ന്യൂഡൽഹി: തുടക്കത്തിലെ കല്ലുകടി നീങ്ങി ബിഹാറിൽ മഹാസഖ്യത്തിലെ കക്ഷികൾ സീറ്റു ധാരണയിൽ. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സഖ്യത്തെ നയിക്കും. നിയമസഭയിൽ ആകെയുള്ള 243ൽ 144 സീറ്റിൽ ആർ.ജെ.ഡി മത്സരിക്കും. കോൺഗ്രസ് 70. ആർ.ജെ.ഡിക്കും കോൺഗ്രസിനും പുറമെ സി.പി.ഐ (എം.എൽ), സി.പി.ഐ, സി.പി.എം എന്നിവയും മഹാസഖ്യത്തിലുണ്ട്.
എം.എല്ലിന് 19 സീറ്റ്, സി.പി.ഐക്ക് ആറ്, സി.പി.എമ്മിന് രണ്ട്. വികാശീൽ ഇൻസാൻ പാർട്ടി, ജെ.എം.എം എന്നിവക്ക് ആർ.ജെ.ഡി ക്വോട്ടയിൽനിന്ന് സീറ്റ് നൽകും. വാത്മീകി നഗർ ലോക്സഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി കോൺഗ്രസിൽനിന്ന്. 2015ലെ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി സീറ്റ് കോൺഗ്രസിന് നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ യു കൂടി ചേർന്നതായിരുന്നു മഹാസഖ്യം. തേജസ്വി യാദവും സഖ്യകക്ഷി നേതാക്കളും വാർത്തസമ്മേളനത്തിലാണ് പങ്കിടൽ പ്രഖ്യാപനം നടത്തിയത്.
അതേസമയം, ഭരണമുന്നണിയായ എൻ.ഡി.എയിൽ തർക്കം തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ്കുമാറുമായി യോജിക്കാൻ കഴിയില്ലെന്ന പ്രഖ്യാപനേത്താടെ ഒറ്റക്കു മത്സരിക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ് ലോക്ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. അദ്ദേഹത്തെ മെരുക്കാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും അന്തിമ തീരുമാനമായില്ല.
ബി.ജെ.പി ബന്ധം തുടർന്നുതന്നെ 143 സീറ്റിൽ ഒറ്റക്കു മത്സരിക്കും, തെരഞ്ഞെടുപ്പിനു ശേഷം സഖ്യമാകാം എന്നതാണ് എൽ.ജെ.പി നിലപാട്. നിതീഷിനെ വെട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയരാനുള്ള ശ്രമമാണ് ചിരാഗിേൻറത്. ഇതിനിടെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകാര്യ ചുമതല മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ ബി.ജെ.പി ഏൽപിച്ചു.