ലാലു പ്രസാദ് യാദവിന്‍റെയും റാബ്രി ദേവിയുടെയും ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ച് ബിഹാർ സർക്കാർ
text_fieldsപട്ന: ബിഹാറിലെ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരുടെ സുരക്ഷാ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബിഹാർ സർക്കാർ. ഇരുവരുടെയും ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. ലാലു പ്രസാദിന്റെ മൂത്ത മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപിന്റെ വൈ കാറ്റഗറി സുരക്ഷയും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
വിവിഐപി സുരക്ഷ സംബന്ധിച്ച് സംസ്ഥാന സർക്കാർ നടത്തിയ അവലോകനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദിനും റാബ്രി ദേവിക്കും ഇനി മുതൽ ബിഹാർ സ്‌പെഷ്യൽ ആംഡ് പോലീസിന്റെ സുരക്ഷയായിരിക്കും ലഭിക്കുക.
ഇവർക്കായി ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ സംവിധാനത്തിൽ ബിഎസ്എപിയിൽ നിന്നുള്ള രണ്ട് മുതൽ എട്ട് വരെ ഗാർഡുകൾ, പട്ന ജില്ലാ പോലീസിൽ നിന്നുള്ള രണ്ട് അംഗരക്ഷകർ, ഒരു പൈലറ്റ് വാഹനം, ബുള്ളറ്റ് പ്രൂഫ് കാർ എന്നിവ ഉൾപ്പെടുന്നു. നേരത്തെ ലഭിച്ചിരുന്ന ഇസഡ് പ്ലസ് സുരക്ഷയിൽ അതീവ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും ആധുനിക ആയുധങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവും ലാലു പ്രസാദിന്റെ ഇളയ മകനുമായ തേജസ്വി യാദവിനുള്ള വൈ പ്ലസ് സുരക്ഷയിൽ മാറ്റമില്ല. തേജസ്വി യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതി, ഭാര്യ രാജശ്രീ യാദവ് എന്നിവർക്കും നിലവിലുള്ള സുരക്ഷ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

