ഓരോ ഒരു ലക്ഷം വ്യൂസിനും 10,000 രൂപ സമ്മാനം: കണ്ടന്റ് ക്രിയേറ്റർമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ
text_fieldsസമ്രാട്ട് ചൗധരി
പട്ന: സർക്കാർ പദ്ധതികളെക്കുറിച്ചും ജനക്ഷേമ പരിപാടികളെക്കുറിച്ചും വീഡിയോകൾ നിർമിക്കുന്ന സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. സംസ്ഥാനത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുമായി പാരിതോഷികം നൽകുന്ന പുതിയ നിയമ ഭേദഗതിക്ക് ബിഹാർ മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
'ബിഹാർ സോഷ്യൽ മീഡിയ ആൻഡ് ഓൺലൈൻ മീഡിയ റൂൾസ്, 2026'-ലാണ് നിർണായക ഭേദഗതി വരുത്തിയത്. സർക്കാർ പദ്ധതികളെക്കുറിച്ച് വീഡിയോകൾ നിർമിക്കുന്നതും സർക്കാരിൽ എംപാനൽ ചെയ്യപ്പെട്ടതുമായ (Empanelled) ക്രിയേറ്റർമാർക്ക്, വീഡിയോ അപ്‌ലോഡ് ചെയ്ത് 30 ദിവസത്തിന് ശേഷം ലഭിക്കുന്ന ഓരോ ഒരു ലക്ഷം വ്യൂസിനും 10,000 രൂപ അധിക പ്രതിഫലം ലഭിക്കും. ഒരു വീഡിയോക്ക് ലഭിക്കാവുന്ന പരമാവധി പ്രതിഫലം ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട് (ഇത് 10 ലക്ഷം വ്യൂസ് വരെ ബാധകമാണ്).
ലിസ്റ്റ് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ഹാൻഡിലുകൾ, പേജുകൾ, ചാനലുകൾ എന്നിവയിലെ ഫോളോവേഴ്സിന്റെ എണ്ണം കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉടൻ പുറത്തിറക്കുമെന്നും ബിൽ അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കി.
സോഷ്യൽ മീഡിയ നയത്തിന് പുറമെ മറ്റ് 12 പ്രധാന പ്രൊപ്പോസലുകൾ കൂടി മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഐ.ടി വകുപ്പും തായ്‌യോ എ.ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (Taiyo AI India Pvt Ltd) തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പൊതു അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിരീക്ഷണം, കാലതാമസം ഒഴിവാക്കാനുള്ള എ.ഐ ഡാഷ്‌ബോർഡ്, ജിയോസ്പേഷ്യൽ ഡാറ്റ അനാലിസിസ് എന്നിവയും ഇതിലൂടെ നടപ്പിലാക്കും.
കൂടാതെ, ബക്സർ മുതൽ ഭാഗൽപൂർ വരെ നീളുന്ന 336 കിലോമീറ്റർ ദൈർഘ്യമുള്ള 6-വരി ഗ്രീൻഫീൽഡ് എക്സ്പ്രസ്‌വേയുടെ നിർമാണത്തിന് മന്ത്രിസഭ അനുമതി നൽകി. ലക്ഷ്മിസരായിലെ കാജ്ര സോളാർ പവർ പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും 100% ഇളവ് നൽകാനും കാർഷിക മേഖലക്കായി ട്യൂബ്‌വെൽ പദ്ധതികളും കനാൽ പുനരുദ്ധാരണ പദ്ധതികളും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

