ബിഹാർ തെരഞ്ഞെടുപ്പിൽ കണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെയും ഗ്യാനേഷ് കുമാറിന്‍റെയും ഏറ്റവും മികച്ച പ്രകടനമെന്ന്
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെയും ഏറ്റവും മികച്ച പ്രകടനമാണ് ബിഹാർ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 1951 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് നടന്ന എസ്.ഐ.ആർ സംബന്ധിച്ച് അപ്പീലുകൾ ഒന്നും തന്നെ ഇല്ലാത്ത ഒരിടത്തും പുനർവോട്ടെടുപ്പ് വേണ്ടി വന്നിട്ടില്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേതെന്നും കമീഷൻ വ്യക്തമാക്കി.
എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിച്ചുവെന്ന് അവകാശപ്പെട്ട കമീഷൻ അതിനെതിരെ അപ്പീലുകൾ ഒന്നുപോലും വന്നിട്ടുമില്ലെന്നും കൂട്ടിച്ചേർത്തു. ഇനി കോൺഗ്രസും ആർ.ജെ.ഡിയും ഗ്യാനേഷ് കുമാറിനു നേരെ വിമർശനവുമായി വരുമെന്ന് ഉറപ്പാണെന്നും കമീഷൻ പറഞ്ഞു. 22 ലക്ഷം പേർ മരണപ്പെട്ടതും 36 ലക്ഷം പേർ സ്ഥിരമായി മറ്റിടങ്ങളിലേക്ക് താമസം മാറ്റിയതും, ഏഴ് ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാതിരുന്നതുമാണ് കോൺഗ്രസിന്‍റെയും ആർ.ജെ.ഡിയുടെയും പരാജയ കാരണമെന്നും കമീഷൻ പരിഹസിച്ചു.
ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഇത്രയും വലിയ അന്തരമുണ്ടായതിനെതിരായ വിമർശനത്തിനോടും കമീഷൻ പ്രതികരിച്ചു. 2010 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവും ബി.ജെ.പിയും നേതൃത്വം നൽകിയ ദേശീയ ജനാധിപത്യ സഖ്യമാണ് വിജയിച്ചതെന്നും അന്ന് ജെ.ഡി.യുവിന് 115 സീറ്റും ബി.ജെ.പിക്ക് 91 ഉം സീറ്റുകൾ ലഭിച്ചുവെന്നും കമീഷൻ ഓർമിപ്പിച്ചു.
ബിഹാറിലെ എസ്.ഐ.ആർ വലിയ തെരഞ്ഞെടുപ്പ് ഗൂഢാലോചനയായിരുന്നു -അഖിലേഷ് യാദവ്
ലഖ്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എസ്.ഐ.ആറിനെയും ബി.ജെ.പിയെയും വിമർശിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ എസ്.ഐ.ആർ വലിയ തെരഞ്ഞെടുപ്പ് ഗൂഢാലോചനയാണെന്നും അതുപയോഗിച്ച് ബി.ജെ.പി വലിയ രാഷ്ട്രീയ വഞ്ചനയാണ് നടത്തിയതെന്നും അഖിലേഷ് ആരോപിച്ചു. പശ്ചിമ ബംഗാൾ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപ്പാക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
''ബിഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ ഗെയിം പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും തുടങ്ങി മറ്റൊരു സംസ്ഥാനത്തും കൊണ്ടുവരാൻ സാധിക്കില്ല. കാരണം ഈ തെരഞ്ഞെടുപ്പ് ഗൂഢാലോചന ഇപ്പോൾ കൂടുതൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ മുതൽ ഇനിയൊരിക്കലും ഈ ഗെയിം കളിക്കാൻ അവരെ നാം അനുവദിക്കരുത്. സി.സി.ടി.വിയും പി.പി.ടി.വിയും പോലെ നാം ജാഗ്രത കാണിക്കണം. ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങളെ കുറിച്ച് തുറന്നുകാട്ടണം. ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയല്ല, വഞ്ചകരാണ്''-എന്നാണ് അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

