ബിഹാറിൽ സംവരണസീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകാൻ മത്സരിച്ച് ബി.ജെ.പിയും കോൺഗ്രസും; ഭരണഘടനമുതൽ പിന്നോക്ക പ്രാതിനിധ്യം വരെ ചർച്ച മാത്രമോയെന്ന് ചോദ്യം
text_fieldsന്യൂഡൽഹി: ജാതി സമവാക്യങ്ങൾ നിർണായകമായ ബിഹാറിൽ പട്ടിക ജാതി സീറ്റുകളിൽ ഭൂരിഭാഗവും പ്രാദേശിക സഖ്യകക്ഷികൾക്കായി നീക്കിവെച്ച് പ്രധാന രാഷ്ട്രീയ പാർട്ടികൾ. എൻ.ഡി.എ മുന്നണി മത്സരിക്കുന്ന സംസ്ഥാനത്തെ 38 എസ്.സി സംവരണ സീറ്റുകളിൽ 11 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളുള്ളത്. മഹാസഖ്യത്തിൽ കോൺഗ്രസിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല, 11 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്.
ഭരണഘടനയും സംവരണവും പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവുമടക്കം വിഷയങ്ങൾ സജീവ ചർച്ചയാവുന്നതിനിടെയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ സംവരണ മണ്ഡലങ്ങൾ സഖ്യകക്ഷികൾക്ക് വിട്ടൊഴിയുന്നത്. ജാതിസമവാക്യങ്ങളും പിന്നോക്ക വിഭാഗങ്ങളുടെ വോട്ടും സ്വാധീനം ചെലുത്തുന്ന ബിഹാറിൽ വിവിധ വിഭാഗങ്ങളിൽ നിർണായക സ്വാധീനമുള്ള കക്ഷികളിലാണ് സഖ്യങ്ങളുടെ പ്രതീക്ഷ.
എൻ.ഡി.എയിൽ ഇക്കുറി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്) ആണ് കൂടുതൽ എസ്.സി സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി. 15 സംവരണ സീറ്റുകളിലാണ് പാർട്ടി ജനവിധി തേടുന്നത്. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി(രാംവിലാസ്) എട്ടുസീറ്റിലും ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നാലുസീറ്റുകളിലും മത്സരിക്കുന്നു.
മഹാസഖ്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വിവിധ സംവരണ മണ്ഡലങ്ങളിലായി 11 കോൺഗ്രസ് സ്ഥാനാർഥികൾക്ക് പുറമെ, പ്രാദേശിക സഖ്യകക്ഷികളുടെ 29 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഇതിൽ ജാമുയ് ജില്ലയിലെ സിക്കന്ദരയിലും വൈശാലിയിലെ രാജ പാക്കർ മണ്ഡലത്തിലും മുന്നണിയിൽ സൗഹൃദ മത്സരമാണ് നടക്കുക. രാജ പാക്കറിൽ കോൺഗ്രസും സി.പി.ഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായി, സിക്കന്ദരയിൽ കോൺഗ്രസിനും ആർ.ജെ.ഡിക്കും സ്ഥാനാർഥികളുണ്ട്. സഖ്യത്തിന് കീഴിൽ ആർ.ജെ.ഡി 20 പട്ടിക ജാതി സീറ്റുകളിലും സി.പി.ഐ(എം.എൽ) ആറ് സീറ്റുകളിലും സി.പി.ഐ രണ്ട് സീറ്റുകളിലും, സംവരണ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയുമായി വികഷീൽ ഇൻസാൻ പാർട്ടി ഒരുസീറ്റിലും ജനവിധി തേടുന്നു. 2020ൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തെത്തിയ പടിഞ്ഞാറൻ ചമ്പാരനിലെ രാംനഗറിൽ ഇക്കുറി പാർട്ടി സ്ഥാനാർഥിയുടെ പ്രകടന പത്രിക തള്ളിയതോടെ ആർ.ജെ.ഡി സ്ഥാനാർഥി മത്സരിക്കും.
2020ൽ സംസ്ഥാനത്തെ 38 എസ്.സി സീറ്റുകളിൽ 21 എണ്ണത്തിലാണ് എൻ.ഡി.എ സഖ്യം വിജയിച്ചത്. 23 സീറ്റുകളിൽ മത്സരത്തിനിറങ്ങിയ പ്രാദേശിക സഖ്യകക്ഷികൾക്ക് 12 സീറ്റുകളിലാണ് വിജയിക്കാനായത്. 15 എസ്.സി സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി ഒമ്പത് എണ്ണത്തിൽ ജയിച്ചു. 17 സീറ്റുകളിൽ മത്സരിച്ച ജെ.ഡി.യു എട്ടെണ്ണത്തിലും, അഞ്ച് സീറ്റുകളിൽ മത്സരിച്ച ഹിന്ദുസ്ഥാനി അവാം മോർച്ച മൂന്നെണ്ണത്തിലും ജയിച്ചിരുന്നു. എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന വികഷീൽ ഇൻസാൻ പാർട്ടി ഒരുസീറ്റും നേടി.
അതേസമയം, 17 എസ്.സി സംവരണ സീറ്റുകളിലാണ് മഹാസഖ്യം കരുത്തറിയിച്ചത്. 13 പട്ടികജാതി സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് നാലെണ്ണത്തിലാണ് ജയിക്കാനായത്. ആർ.ജെ.ഡി 19ൽ ഒമ്പതെണ്ണത്തിലും സി.പി.ഐ (എം.എൽ) അഞ്ചിൽ മൂന്ന് സീറ്റുകളിലും സി.പി.ഐ ഒരുസീറ്റിലും വിജയിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ‘സേവ് കോൺസ്റ്റിറ്റ്യൂഷൻ’ കാമ്പയിനുമായി ഇറങ്ങിയ കോൺഗ്രസിന് ഉത്തർപ്രദേശും മഹാരാഷ്ട്രയുമടക്കം എൻ.ഡി.എ ശക്തികേന്ദ്രങ്ങളിൽ സാരമായ വിള്ളലുണ്ടാക്കാനായിരുന്നു. അതേസമയം, ബിഹാറിൽ എസ്.സി സീറ്റുകളിൽ എൻ.ഡി.എ കരുത്ത് തുടരുന്നതും കാണാമായിരുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ജാതി നിർണായക ഘടകമാണെന്ന് ബീഹാർ ബി.ജെ.പി വക്താവ് അനാമിക പാസ്വാൻ പറഞ്ഞു. ഇതുകൊണ്ടുതന്നെ ബി.ജെ.പി പോലുള്ള പ്രധാന പാർട്ടികൾ പലപ്പോഴും പ്രാദേശിക വിഭാഗങ്ങൾക്കിടയിൽ പ്രബലമായ സഖ്യകക്ഷികൾക്ക് എസ്.സി സംവരണ സീറ്റുകൾ നൽകി പിന്തുണക്കുകയാണ് ചെയ്യാറെന്നും അവർ പറഞ്ഞു.
പരമ്പരാഗതമായി എസ്.സി സംവരണ മണ്ഡലങ്ങൾ തന്റെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നുവെന്നും എന്നാൽ സഖ്യരാഷ്ട്രീയം കൂടുതൽ പ്രസക്തമായതോടെ, സീറ്റ് ചർച്ചകളിൽ സമവായത്തിന്റെ ഭാഗമായി ഈ മണ്ഡലങ്ങൾ പ്രാദേശിക സഖ്യകക്ഷികൾക്ക് വിട്ടുനൽകേണ്ടി വരികയാണെന്നും കോൺഗ്രസ് വക്താവ് അൻഷുൽ അവിജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

