ബിഹാർ തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി, സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്ത്
text_fieldsഅജേഷ് യാദവും (നടുവിൽ), രാകേഷ് യാദവും (വലത്) ബീഹാർ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നു
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആം ആദ്മി ബിഹാർ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രഖ്യാപനത്തിന്റെ ഭാഗമായി 11 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക അജേഷ് യാദവും പാർട്ടി സംസ്ഥാന പ്രസിഡണ്ട് രാകേഷ് യാദവും പുറത്തിറക്കി.
ബെഗുസാരായിൽ മീരാ സിങ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതീയ, പട്നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, പട്നയിലെ ബങ്കിപൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിങ്, ബുക്‌സർ സീറ്റിൽ റിട്ട.കാപ്റ്റൻ ധർമരാജ് സിങ് എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്.
ബിഹാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും നിലവിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയുന്നതായും പാർട്ടിയുടെ സംസ്ഥാന സഹ-ചുമതലയുള്ള അഭിനവ് റായ് പറഞ്ഞു. 'ഞങ്ങളുടെ സഖ്യം ജനങ്ങളുമായാണ്. അല്ലാതെ ഞങ്ങൾ ഒരു പാർട്ടിയുമായോ രാഷ്ട്രീയ സഖ്യവുമായോ കൂട്ടുകൂടില്ലെന്നും' അദ്ദേഹം പറഞ്ഞു.
ബിഹാറിൽ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്. എൻ.ഡി.എയും ഇൻഡ്യ സഖ്യവുമാണ് പ്രധാന സഖ്യങ്ങൾ. ഇവർക്കിടയിലാണ് ആം ആദ്മി ഒറ്റക്ക് മത്സരിക്കുന്നത്. ബി.ജെ.പി (80), ജെ.ഡി.യു (45), ആർ.ജെ.ഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് 7.43 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

