പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിത്യാനന്ദ് റായ് ഒരു വിവാദ പ്രസ്താവന നടത്തി.
രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ, കശ്മീരിൽനിന്നുള്ള തീവ്രവാദികളുടെ സുരക്ഷിത സ്വർഗമായി ബിഹാർ മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന വോട്ട് ഏകീകരണത്തിന് ബി.ജെ.പിെയ സഹായിക്കുമെങ്കിലും പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യുവിന് ഇരുട്ടടിയായി.
ബി.ജെ.പിയെ കൂടെ നിർത്തിയെങ്കിലും സംസ്ഥാനത്തെ മുസ്ലിം വോട്ടർമാരെ പരമാവധി ചാക്കിലാക്കാനാണ് അവർ ശ്രമിക്കുന്നത്. ഉർദു ഭാഷക്കുള്ള പ്രോത്സാഹനം, സർക്കാർ അഫിലിയേഷനുള്ള മദ്റസകളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, ഖബർസ്ഥാനുകൾ കെട്ടിസംരക്ഷിക്കൽ, ഭഗൽപുർ കലാപക്കേസുകൾ വീണ്ടും പരിഗണിച്ചത് തുടങ്ങിയവ ഇതിന് ഉദാഹരണമായി മുഖ്യമന്ത്രി നിതീഷ്കുമാർ ഉയർത്തിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പി എന്തെങ്കിലും കുതന്ത്രം മെനഞ്ഞാലോ എന്ന പേടി ജെ.ഡി-യു നേതൃത്വത്തിനുണ്ട്. ലോക്ജൻശക്തി പാർട്ടി (എൽ.ജെ.പി) നേതാവ് ചിരാഗ് പാസ്വാെൻറ നിതീഷ്കുമാറിനെതിരായ വിമർശനങ്ങളുമായപ്പോൾ ഇത് ഇരട്ടിക്കുകയും ചെയ്തു. തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു പ്രശ്നവുമില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി-എൽ.ജെ.പി സർക്കാർ വന്നേക്കുമെന്നും ചിരാഗ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്തുവിലകൊടുത്തും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള തത്രപ്പാടിലാണ് ജെ.ഡി-യു. പക്ഷേ, നിലപാടുകളിലെ മലക്കംമറിച്ചിൽമൂലം അദ്ദേഹത്തിൽ മുസ്ലിംകൾക്ക് വിശ്വാസക്കുറവുണ്ടായിട്ടുണ്ട്. ബി.ജെ.പിയാകട്ടെ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം കൂടിയതോടെ, മുസ്ലിം ഇതര വോട്ടുകൾ പരമാവധി സ്വരൂപിക്കാനുള്ള തീവ്രനിലപാടിലേക്കും നീങ്ങി.
ഇത്തവണ ജെ.ഡി.യുവും ബി.ജെ.പിയും ഏതാണ്ട് തുല്യസീറ്റുകളിലാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ 110 സ്ഥാനാർഥികളുടെ പട്ടികയിൽ ഒറ്റ മുസ്ലിം സ്ഥാനാർഥിയും ഇല്ല. ജെ.ഡി-യുവിെൻറ 115 അംഗ പട്ടികയിൽ 11 മുസ്ലിംകൾ ഇടംപിടിച്ചു.
18 പേർ യാദവ സമുദായക്കാരാണ്. ആർ.ജെ.ഡിയുടെ പ്രധാന വോട്ട് ബാങ്കായ മുസ്ലിം-യാദവ സമുദായത്തിൽനിന്ന് പരമാവധി വോട്ട് പിടിക്കാനാണ് നിതീഷ്കുമാറിെൻറ ശ്രമം. എന്നാൽ, ഇത്തവണ ജെ.ഡി-യുവിൽ പ്രമുഖരായ ഏതെങ്കിലും മുസ്ലിം മുഖം ഇല്ല. വലിയ സമുദായ ധ്രുവീകരണമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിക്കാർ ജെ.ഡി-യുവിെൻറ മുസ്ലിം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ നില പരുങ്ങലിലുമാവും.