വോട്ട് ഒന്നിന് 500; ബൂത്ത് ഒന്നിന് 50,000
text_fieldsസീതാമഢി ബാലുശാഹി പരമ്പരാഗതമായി ഉണ്ടാക്കുന്ന
രഘുനാഥ് ജി
ബിഹാർ: നാവിൽ മധുരമൂറുന്ന ഉത്തരേന്ത്യൻ പലഹാരം ബാലുശാഹിക്ക് പുകൾ പെറ്റ നാടാണ് സീതാമഢി. ഏത് ഗ്രാമങ്ങളിൽ ചെന്നാലും സീതാമഢിയുടെ സവിശേഷ ബാലുശാഹി കിട്ടും. തെരഞ്ഞെടുപ്പിന്റെ തിരുമധുരം പാർട്ടികൾക്കും മുന്നണികൾക്കും മാറിമാറി നൽകുകയാണ് സീതാമഢിയുടെ പതിവ്. ഒരിക്കൽ തുണച്ചവരെ സീതാമഢി പിന്നീട് തുണച്ചുകൊള്ളണമെന്നില്ല. ഈയൊരു പ്രതീക്ഷയിലാണ് സിറ്റിങ് എം.എൽ.എമാർക്കെതിരെ പലപ്പോഴും എതിരാളികൾ പ്രതീക്ഷ വെച്ചുപുലർത്തുന്നത്.
ആരുടെയും കോട്ടയാകാതെ ഇടക്കിടെ മാറിമറിഞ്ഞ് പാർട്ടികളെ തുണക്കുന്ന ആരോഗ്യകരമായ ജനാധിപത്യ രീതി കൊണ്ടാകണം ബിഹാറിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വിവിധ ജാതിമത സമുദായങ്ങൾ തുറന്നുള്ള ചർച്ച കവലകളിൽ നടക്കാൻ കാരണമെന്ന് തോന്നി. പരമ്പരാഗതമായി ബാലുശാഹി ഉണ്ടാക്കി വിൽക്കുന്ന രഘുനാഥ് ജിയുടെ കടയിൽ ആർ.ജെ.ഡിയെ പിന്തുണക്കുന്ന യാദവരും എൻ.ഡി.എ യോടൊപ്പം നിൽക്കുന്ന കുർമികളും എല്ലാം ഒരുമിച്ചിരുന്ന് ശാന്തമായാണ് തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തുന്നത്.
ഇക്കുറി സീതാമഢി ആരുടെ കൂടെ നിൽക്കുമെന്ന ചർച്ച മുറുകുന്നതിനിടയിലാണ് മുൻ ബി.ജെ.പി എം.പിയും സീതാമഢിയിലെ പാർട്ടി സ്ഥാനാർഥിയുമായ സുനിൽകുമാറിന്റെ പഴയ അശ്ലീല വിഡിയോകൾ മണ്ഡലത്തിലുടനീളം വീണ്ടും വൈറലാകുന്നത്. ബോധപൂർവം ശത്രുക്കൾ തനിക്കെതിരെ മെനഞ്ഞ തന്ത്രമായി പ്രതികരിച്ച സുനിൽകുമാർ അത് പക്ഷേ നിഷേധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും പ്രതിപക്ഷം വലിയ പ്രചാരണ ആയുധമാക്കി. ബി.ജെ.പിയെ ആ തരത്തിലെങ്കിലും വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
എന്നാൽ, അതൊന്നും വോട്ടർമാരെ ഏശില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുന്ന രാജ സിങ് എന്ന് കുർമി സമുദായക്കാരൻ. എന്നാൽ, അതിലേറെ തങ്ങൾ ഭയക്കുന്നത് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പിടിക്കുന്ന വോട്ടുകളാണെന്നും അദ്ദേഹം പറയുന്നു. എൻ.ഡി.എയെയും മഹാസഖ്യത്തെയും പോലെ ഒഴുക്കാൻ പ്രശാന്ത് കിഷോറിന് എവിടെനിന്ന് പണം കിട്ടിയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു വോട്ടിന് 500 രൂപയും ഒരു ബൂത്തിന് 50,000 രൂപയുമാണ് തന്റെ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രശാന്ത് കിഷോർ നൽകുന്നതെന്ന അദ്ദേഹത്തിന്റെ വാദം മറ്റെല്ലാവരും ശരിവെക്കുകയും ചെയ്യുന്നു.
പ്രശാന്ത് കിഷോറിനായി പ്രവർത്തിക്കുന്നത് നിർത്തി ആർ.ജെ.ഡിക്ക് വേണ്ടി ഇറങ്ങാൻ ആവശ്യപ്പെട്ട് ചെന്നപ്പോൾ, അവരുടെ പാർട്ടിയുടെ ബൂത്തിന്റെ ചുമതല വഹിക്കുന്നയാൾ അര ലക്ഷം രൂപ വാങ്ങിയതിനാൽ തനിക്ക് പിന്മാറാൻ പറ്റില്ലെന്ന് നിസ്സഹായനായി കൈമലർത്തിയ കാര്യം സിവാനിലെ ആർ.ജെ.ഡിയുടെ ജവഹറും പറഞ്ഞിരുന്നു. കൊടുത്ത അരലക്ഷം ബൂത്തിൽ ഇറക്കാനുള്ളതാണോ അയാൾക്ക് സ്വയം എടുക്കാനുള്ളതാണോ എന്ന കാര്യം തനിക്കറിയില്ലെന്ന് ജവഹർ കൂട്ടിച്ചേർത്തു. ഒരു വോട്ടിന് 500 രൂപ എന്നത് ബിഹാറിലെ മിതമായ വിലയാണെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത മണ്ഡലമായ റുന്നിസെയ്ദ്പൂരിലും ജയപരാജയം നിർണയിക്കുക പണമെറിഞ്ഞ് വോട്ട് പിടിക്കുന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടി തന്നെ ആയിരിക്കുമെന്ന് അവർ പറയുന്നു. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ ആർ.ജെ.ഡിയുടെ ചന്ദൻകുമാർ യാദവ് പ്രതീക്ഷ വെച്ചുപുലർത്തുന്നത് ജൻ സുരാജ് പാർട്ടിയുടെ ഉന്നത ജാതിക്കാരനായ സ്ഥാനാർഥി ബി.ജെ.പി സ്ഥാനാർഥിയുടെ വോട്ട് പിടിക്കുമെന്ന കണക്കുകൂട്ടലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

