ജാതിവോട്ടിൽ നോട്ടം ഉറപ്പിക്കാൻ കഴിയാതെ ബിഹാർ
text_fieldsപട്ന: ബിഹാറിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനായെങ്കിലും ദേശീയ ജനാധിപത്യ സഖ്യത്തെ (എൻ.ഡി.എ) കുഴപ്പത്തിലാക്കുന്ന ചോദ്യം ഇതാണ്- സഖ്യത്തിലെ കക്ഷികൾ പരസ്പരം കൃത്യമായി വോട്ട് ചെയ്യുമോ? സംസ്ഥാനത്ത് എല്ലാ പാർട്ടികളും, പ്രത്യേകിച്ച് എൻ.ഡി.എ പേടിക്കുന്ന കാര്യം ഇതാണ്.
തങ്ങളുടെ സ്വന്തം തട്ടകം എന്ന് കരുതിയ പല സീറ്റുകളും ചിരാഗ് പസ്വാന്റെ എൽ.ജെ.പി (രാം വിലാസ്)ക്ക് കൊടുക്കേണ്ടി വന്നതിൽ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതീഷ് കുമാർ നീരസത്തിലാണ്. സഖ്യത്തിലെ ജിതൻ റാം മൻജിക്കും ഉപേന്ദ്ര കുശ്‍വാഹക്കും ഇതേ പ്രശ്നമുണ്ട്. എൻ.ഡി.എയിൽ പഴയ യോജിപ്പില്ലെന്നത് പ്രകടമാണ്. ഒച്ചപ്പാടില്ലാതെ, രമ്യതയിൽ സാധ്യമാകേണ്ടിയിരുന്ന സീറ്റ് വിഭജനം പരസ്യപ്പോരുകൾക്ക് കാരണമായി.
എൻ.ഡി.എ സീറ്റ് വിഭജനം ഇങ്ങനെയാണ്: ബി.ജെ.പി -101, ജെ.ഡി.യു -101, ലോക് ജൻശക്തി പാർട്ടി (രാം വിലാസ്)-29, എച്ച്.എ.എം-ആറ്, ആർ.എൽ.എം -ആറ്.
നിതീഷ് കുമാറിന് സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങളില്ലെന്നാണ് പ്രചാരണമെങ്കിലും ഉള്ളിലെ കഥകൾ വേറെയാണ്. ടിക്കറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് എം.എൽ.എ ഗോപാൽ മണ്ഡൽ, മുൻ എം.എൽ.എ മഹേശ്വർ യാദവ് തുടങ്ങിയവർ നിതീഷിന്റെ വസതിക്കുമുന്നിൽ ധർണ നടത്തി. ജെ.ഡി.യുവിന്റെ ഭഗൽപൂർ എം.പി അജയ് മണ്ഡൽ താൻ രാജിവെക്കുകയാണെന്ന് പറഞ്ഞു.
മുതിർന്ന നേതാവ് വിജയ് കുമാർ ചൗധരി പറഞ്ഞത്, മുതിർന്ന പലർക്കും സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുണ്ടെന്നാണ്. കുശ്‍വാഹ സമുദായത്തിന്റെ നേതാവായ ഉപേന്ദ്ര കുശ്‍വാഹ എൻ.ഡി.എയിൽ കാര്യങ്ങൾ നല്ല നിലയിലല്ല പോകുന്നതെന്ന് പരസ്യമായി പറഞ്ഞു. പ്രതീക്ഷിച്ച സീറ്റ് തങ്ങൾക്ക് കിട്ടിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. നേരത്തെ, എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക സമർപ്പണം ബഹിഷ്‍കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ചിരാഗ് പസ്വാനായി നീക്കിവെച്ച രണ്ടു സീറ്റുകളിലെങ്കിലും തങ്ങൾ സ്ഥാനാർഥിയെ നിർത്തുമെന്നാണ് ജിതൻ റാം മൻജി പറഞ്ഞത്. മുസാഹർ ദലിത് സമുദായ നേതാവാണ് മൻജി. ഇപ്പോൾ ആർ.ജെ.ഡിയിലെത്തിയ ജെ.ഡി.യു മുൻ എം.പി സന്തോഷ് കുശ്‍വാഹ പറയുന്നത് നിതീഷിന്റെ താൽപര്യത്തോടെയല്ല തീരുമാനങ്ങളെല്ലാം എടുത്തത് എന്നാണ്. ഇത് ജെ.ഡി.യു തള്ളിയിട്ടുണ്ട്. ജെ.ഡി.യു നേതൃത്വത്തെ ആശ്വസിപ്പിച്ച് കൂടെ നിർത്താനാണ് ഇപ്പോൾ ബി.ജെ.പി ശ്രമം.
പ്രതീക്ഷിക്കുന്ന വോട്ട് മറ്റാർക്കോ മറിയുന്നത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. കരാകത്തിൽ ഉപേന്ദ്ര കുശ്‍വാഹക്ക് (എൻ.ഡി.എ) ഗായകൻ പവൻ സിങ് സ്വതന്ത്രനായി മത്സരിച്ചതോടെ കാലിടറി. രജ്പുത്ര വോട്ടുകൾ ചിതറി. കുശ്‍വാഹയുടെ അനുയായികൾ ആര പോലുള്ള സ്ഥലങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് വോട്ടുകുത്തി. ആരയിൽ ബി.ജെ.പിയുടെ ആർ.കെ.സിങ് തോൽക്കുകയും ചെയ്തു.
കണക്കൂകൂട്ടൽ പ്രകാരം വോട്ടുമറിയുമോ?
ജാതി വോട്ടുകളാണ് ബിഹാറിനെ നിർണയിക്കുന്നത്. 2023ലെ ജാതി സർവേ പ്രകാരം മൊത്തം 13.07 കോടി വരുന്ന ജനസംഖ്യയിൽ അതി പിന്നാക്ക വിഭാഗം (ഇ.ബി.സി) ആണ് ഏറ്റവും കൂടുതൽ. ഇവർ 36.1 ശതമാനം അഥവാ 4.7 കോടി വരും. പിന്നാലെ ഒ.ബി.സി വിഭാഗമാണ്-27.13 ശതമാനം. പട്ടികജാതിക്കാർ 19.65 ശതമാനവും പട്ടികവർഗം 1.68 ശതമാനവുമാണ്. പൊതുവിഭാഗക്കാർ 15.52 ശതമാനമാണ്.
ഒ.ബി.സിക്കകത്തുവരുന്ന ഉപ വിഭാഗമായ യാദവ സമുദായം 14.27 ശതമാനമുണ്ട്. മുന്നാക്കക്കാരിൽ ബ്രാഹ്മണർ 3.66 ശതമാനവും രജ്പുത്രർ 3.45 ശതമാനവും വരും. മുന്നാക്കക്കാരുടെ മുഴുവൻ വോട്ടും നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ചില ഒ.ബി.സി വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. ജെ.ഡി.യുവാകട്ടെ കുർമി, ഇ.ബി.സി വിഭാഗങ്ങളുടെ വോട്ടുകിട്ടുമെന്നാണ് കരുതുന്നത് (ഇവർ രണ്ടു വിഭാഗവും ചേർന്നാൽ 38.88 ശതമാനമായി). ആർ.എൽ.എം കുശ്‍വാഹക്കാരെയും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

