നിതീഷിന്റെ നളന്ദയിലും ഇൻഡ്യയുടെ തമ്മിലടി
text_fieldsബിഹാറിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് യാദവ സമുദായത്തിൽ നല്ലൊരു വിഭാഗം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾക്കൊപ്പം നിൽക്കുന്ന മണ്ഡലമാണ് നളന്ദയുടെ ആസ്ഥാന നഗരമായ ബിഹാർ ശരീഫ്. സംസ്ഥാനത്ത് നിരന്തരം വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന നഗരം. നളന്ദയുടെ ജില്ല ആസ്ഥാനത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വർഗീയ സംഘർഷങ്ങളിൽ നിന്ന് മോചനമില്ല.
ഏറ്റവും ഒടുവിൽ ഏതാനും മാസം മുമ്പും ബിഹാർ ശരീഫ് വർഗീയ സംഘർഷത്തിന് സാക്ഷ്യംവഹിച്ചു. ഈ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ധ്രുവീകരണത്തിൽനിന്നാണ് ബി.ജെ.പി സ്ഥാനാർഥി എന്നും ബിഹാർ ശരീഫിൽ തന്റെ ജയം ഉറപ്പിക്കുന്നത്. മുസ്‍ലിംകൾ തനിക്ക് വോട്ട് ചെയ്യരുതെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ബി.ജെ.പി ഇവിടെ പ്രചാരണം നടത്താറുള്ളതു പോലും.
ബിഹാർ ശരീഫിൽ എൻ.ഡി.എക്കെതിരെയുള്ള ഇൻഡ്യ മുന്നണിയുടെ യഥാർഥ സ്ഥാനാർഥി തങ്ങളാണെന്ന് ഫാഷിസത്തെ തോൽപിക്കാൻ കോൺഗ്രസും സി.പി.ഐയും ഒരേസമയം അവകാശവാദമുന്നയിക്കുമ്പോൾ തങ്ങൾ ആരെ വിശ്വസിക്കണമെന്നാണ് നിതീഷിനെതിരെ വോട്ട് ചെയ്യാൻ ഉറച്ച വോട്ടർമാർ പോലും തിരിച്ചുചോദിക്കുന്നത്. ബിഹാർ ശരീഫിൽ നിർണായക സ്വാധീനമുള്ള മുസ്‍ലിംകൾ ഒരുമിച്ച് വോട്ട് ചെയ്താൽ പോലും ഇൻഡ്യ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ കോൺഗ്രസിന്റെ ഉമൈർ ഖാന് ജയിക്കാനാവില്ല.
ഭരണവിരുദ്ധ വികാരം ഹിന്ദു വോട്ടുകൾ കൂടി ഉമൈറിൽ എത്തിക്കുമെന്ന് കരുതുന്നതിനിടയിലാണ് സി.പി.ഐ തങ്ങളുടെയും സ്ഥാനാർഥിയെ ബിഹാർ ശരീഫിൽ പ്രഖ്യാപിച്ചത്. ഇത് മറികടക്കാൻ ഇൻഡ്യ മുന്നണിയിലെ ജില്ല നേതാക്കളെ കൂട്ടി ബിഹാർ ശരീഫിൽ ഉമൈർ ഖാൻ വാർത്തസമ്മേളനം നടത്തിയപ്പോൾ അതിനു പിറ്റേന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തന്നെ നേരിട്ട് ബിഹാർ ശരീഫിൽ വന്ന് ഇൻഡ്യ സഖ്യത്തിന്റെ യഥാർഥ സ്ഥാനാർഥി സി.പി.ഐയുടേതാണെന്ന് വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
നളന്ദ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറും എൻ.ഡി.എക്കൊപ്പം നിന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് എൻ.ഡി.എ തോൽവിയുടെ രുചിയറിഞ്ഞത്. ജാതി വിധി നിർണയിക്കുന്ന ബിഹാർ രാഷ്ട്രീയത്തിൽ സ്വന്തം ജാതിയുടെ കരുത്തിൽ നളന്ദ ജനതാദൾ യുവിന്റെ കോട്ടയാക്കി മാറ്റിയതായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്റെ ജാതിയായ കുർമി സമുദായം എറ്റവും നിർണായക ശക്തിയായ ജില്ലയാണ് നളന്ദ. ബിഹാർ ജനസംഖ്യയിൽ ആനുപാതികമായി ഏറ്റവും കുറവാണ് കുർമികൾ. കേവലം മൂന്നിൽ താഴെ ശതമാനം മാത്രം.
അതേസമയം, നളന്ദയിലാകട്ടെ കുർമി ജനസംഖ്യ 50 ശതമാനത്തിന് മുകളിലും. ഈ കുർമികൾക്കൊപ്പം ഏറ്റവും പിന്നാക്കം നിൽക്കുന്ന മറ്റു ജാതികളും ബി.ജെ.പിയുടെ കൂടെ മാത്രം നിൽക്കുന്ന ഉന്നത ജാതിക്കാരായ ഭൂമിഹാറുകളും ബ്രാഹ്മണരും കൂടി ചേർന്നതോടെ നളന്ദ എൻ.ഡി.എയുടെ പൊന്നാപുരം കോട്ടയായി. എന്നാൽ, നിതീഷിന്റെ സ്വയം കൃതാനർഥങ്ങളാൽ ആ കോട്ടയിലും വിള്ളലുണ്ടായിരിക്കുന്നു. ജനതാദൾ യുവിന്റെ കോട്ടയായ നളന്ദ ജില്ലയിൽ നിതീഷ് പതിവില്ലാത്ത തരത്തിൽ ഭരണവിരുദ്ധ വികാരം നേരിടുമ്പോൾ അത് വോട്ടാക്കി മാറ്റി സീറ്റുകളാക്കി പരിവർത്തിപ്പിക്കാൻ ഇൻഡ്യ സഖ്യത്തിന് കിട്ടിയ സുവർണാവസരമായിരുന്നു ഈ നിയമസഭ തെരഞ്ഞെടുപ്പ്.
ജൻസുരാജ് പാർട്ടിയുടെ ഇത്തവണത്തെ അരങ്ങേറ്റം പൊതുവെ ബി.ജെ.പിക്ക് ഗുണകരമാകുന്ന തരത്തിലാണെങ്കിലും നളന്ദയിൽ അവർ കുർമികളിൽ നിന്നുള്ള സ്ഥാനാർഥിയെ പോലുമിറക്കി ജെ.ഡിയുവിനെ ലക്ഷ്യമിട്ടിരിക്കുന്നു. എന്നാൽ, അവിടെയും തമ്മിലടിക്കാനാണ് ഇൻഡ്യ മുന്നണിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

