യഥാർഥ ആർ.ജെ.ഡിയെന്ന് അവകാശവാദം; ജെ.ജെ.ഡിയുമായി ലാലുവിന്റെ മകൻ
text_fieldsഒരു പതിറ്റാണ്ടിനുശേഷം വൈശാലിയിലെ മഹുവ നിയമസഭ മണ്ഡലം വീണ്ടും ബിഹാർ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാകുന്നു. യാദവർക്കും മുസ്ലിംകൾക്കും സ്വാധീനമുള്ള മണ്ഡലമായ മഹുവ ആ നിലക്കാണ് ലാലുവിന്റെ രാഷ്ട്രീയ ജനതാദളിന്റെ കോട്ടയായത്. ഇവിടെ തന്റെ പ്രതാപം നശിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് ലാലു പുറന്തള്ളിയ മകൻ തേജ് പ്രതാപിന്റെ ശ്രമം.
മഹുവക്കാർക്ക് ലാലുവും മകനും ഒന്നുതന്നെയാണ്. തേജസ്വിക്കും തേജ് പ്രതാപിനും ഇടയിൽ അവർക്ക് വിവേചനം കൽപിക്കാനാവില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണവർ. ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവിന്റെ മകൻ എന്ന നിലക്ക് തേജ് പ്രതാപ് ഒരു പതിറ്റാണ്ട് മുമ്പ് തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ടത് മഹുവയുടെ മണ്ണിലാണ്. അനിയൻ തേജസ്വിക്കെതിരെ ഒളിയമ്പെയ്യുന്ന തേജ് പ്രതാപ് ജെ.ജെ.ഡിയാണ് യഥാർഥ ആർ.ജെ.ഡി എന്നാണ് അവകാശപ്പെടുന്നത്. ഒരു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയ ജനതാദളിന്റെ ഈ ശക്തി കേന്ദ്രത്തിൽ സ്വന്തം അസ്തിത്വം തെളിയിക്കാൻ ഇറങ്ങിയിരിക്കുകയാണ് തേജ് പ്രതാപ്.
മുൻമന്ത്രി കൂടിയായ ലാലുവിന്റെ മകൻ ജനശക്തി ജനതാദൾ (ജെ.ജെ.ഡി) എന്ന പാർട്ടി രൂപവത്കരിച്ചാണ് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിന് പരിശ്രമിക്കുന്നത്. പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറന്തള്ളപ്പെട്ടതോടെ കുടുംബാധിപത്യത്തിന്റെ പിന്തുടർച്ചക്കാരൻ എന്ന പേര് ഒഴിവായെന്നും കുടുംബത്തിന്റെ രാഷ്ട്രീയപിൻബലം ഒന്നുമില്ലാത്ത സ്വതന്ത്രനാണ് താനെന്നുമുള്ള പരിവേഷത്തിലാണ് തേജ് പ്രതാപ് തന്റെ പ്രതാപം തെളിയിക്കാൻ നോക്കുന്നത്.
ഇത്തവണ മത്സരം വളരെ കൗതുകകരമാണെന്ന് യാദവ സമുദായത്തിൽപ്പെട്ട വിനയ് യാദവ് ചൂണ്ടിക്കാട്ടുന്നു. ആർ.ജെ.ഡിയുടെ മുകേഷ് റോഷനും തേജ് പ്രതാപും തമ്മിലുള്ള പോര് എൻ.ഡി.എയുടെ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിയുടെ സ്ഥാനാർഥി സഞ്ജയ് സിങ്ങിന്റെ സാധ്യതയേറ്റുന്നുണ്ട്.
ചിരാഗിന്റെ എൽ.ജി.പി ദലിത് പാർട്ടിയാണെങ്കിലും സ്ഥാനാർഥി സഞ്ജയ് സിങ് ഉന്നത ജാതിയിൽപ്പെട്ട രജ്പുത് സമുദായത്തിൽനിന്നുള്ളയാളാണ്. എൻ.ഡി.എക്ക് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകൾക്കൊപ്പം രജ്പുത് വോട്ടുകൾ കൂടി സഞ്ജയ് സിങ് പിടിക്കും. യാദവേതര ഒ.ബി.സിക്കാരും ഇ.ബി.സിക്കാരും മറ്റു ദുർബല വിഭാഗങ്ങളും ദലിത് പാർട്ടി എന്നനിലയിൽതന്നെ പിന്തുണക്കുമെന്നും സഞ്ജയ് സിങ് കണക്കുകൂട്ടുന്നു.
2015 മുതൽ 2017 വരെ ആർ.ജെ.ഡി -ജെ.ഡി.യു സർക്കാറിൽ ആരോഗ്യമന്ത്രിയായിരുന്ന തേജ് പ്രതാപ് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നതാണ് പ്രധാനമായും ചർച്ചാവിഷയം. താൻ ആരോഗ്യമന്ത്രിയായിരിക്കെയാണ് 500 കോടി രൂപ മുതൽമുടക്കിലുള്ള മെഡിക്കൽ കോളജിന് പദ്ധതിയിട്ടതെന്നാണ് തേജിന്റെ അവകാശവാദം. ജനങ്ങൾതന്നെ രണ്ടാമതും ഇവിടേക്ക് വിളിച്ചതു കൊണ്ടാണ് മത്സരിക്കുന്നതെന്നും തേജ് പ്രതാപ് പറയുന്നു. എന്നാൽ, തേജ് പ്രതാപ് തുടക്കമിട്ട ആശുപത്രി എൻ.ഡി.എ ആണ് അതിവേഗം പൂർത്തിയാക്കുന്നതെന്ന് പറഞ്ഞാണ് സഞ്ജയ് സിങ് വോട്ടുപിടിക്കുന്നത്.
തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതും ആർ.ജെ.ഡി നൽകുന്ന വാഗ്ദാനങ്ങളുമാണ് സിറ്റിങ് എം.എൽ.എയായ പാർട്ടി സ്ഥാനാർഥി റോഷൻ പയറ്റുന്നത്. എൻ.ഡി.എ സ്ഥാനാർഥി പ്രതിനിധാനംചെയ്യുന്ന രജപുത് സമുദായത്തിനാണ് ഏറ്റവും കൂടുതൽ വോട്ടുള്ളത്. അതുകഴിഞ്ഞാൽ പിന്നെ യാദവർക്കാണ് വോട്ട്. അതിനാൽ യാദവർക്കിടയിലെ വോട്ടു ഭിന്നിപ്പ് ആർ.ജെ.ഡിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമെന്നാണ് കാതിൽപൂർ വില്ലേജിലെ മഹബൂബിന്റെ പക്ഷം. യാദവരുടെ വോട്ട് കൂടുതലായി തേജ് പ്രതാപിലേക്ക് പോയില്ലെങ്കിൽ ആർ.ജെ.ഡിതന്നെ ജയിക്കുമെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

