പെരുമാറ്റച്ചട്ടത്തിന് പുല്ലുവില; പണമൊഴുക്കി എൻ.ഡി.എ സർക്കാർ
text_fieldsപെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടും ബിഹാറിൽ വോട്ടുറപ്പിക്കാൻ പണമൊഴുക്കുന്നത് തുടർന്ന് എൻ.ഡി.എ സർക്കാർ. പ്രഖ്യാപനം നേരത്തേ നടത്തിയും പണം നൽകുന്നത് വോട്ടെടുപ്പ് അടുത്തെത്തുന്നതുവരെ കാത്തിരുന്നുമാണ് ‘പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം’. മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജന പദ്ധതിയിൽ ഒന്നരക്കോടി വനിതകൾക്ക് 10,000 രൂപ വീതം നൽകുന്നതാണ് ഏറെ വൈകി തുടങ്ങിയത്. ആഗസ്റ്റ് 29നാണ് സർക്കാർ സഹായമുള്ള സ്വയം സഹായ വിഭാഗമായ ‘ജീവിക’ പദ്ധതിയിലുള്ള ഓരോ വനിതക്കും 10,000 രൂപ സഹായം നിതീഷ് കുമാർ സർക്കാർ പ്രഖ്യാപിക്കുന്നത്. ഭർത്താവ് നികുതി ദാതാവാകരുതെന്ന് മാത്രമായിരുന്നു ഉപാധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും വിതരണോദ്ഘാടനം നിർവഹിച്ചു. ദിവസങ്ങൾ കഴിഞ്ഞ് തുക വിതരണ തീയതി പ്രഖ്യാപനവും നടത്തി. കൃത്യം തെരഞ്ഞെടുപ്പ് പ്രചാരണനാളുകളിലേക്ക് നീട്ടിയായിരുന്നു വിതരണം. വിതരണത്തിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 17, 24, 31 തീയതികളിൽ നടത്തിയവർ അടുത്ത വിതരണം നടത്തുന്നത് വോട്ടെടുപ്പ് രണ്ടാംഘട്ടത്തിന് തൊട്ടുമുമ്പാണ്. ഒക്ടോബർ ആറിന് നിലവിൽവന്ന പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് കമീഷൻ പക്ഷേ, മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നുകഴിഞ്ഞു.
വിഷയത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നുവരെ പറയുന്നവരുണ്ട്. സുപ്രീംകോടതി ഇടപെട്ട് ബാക്കി തുക വിതരണം അടിയന്തരമായി നിർത്തിവെപ്പിക്കണമെന്ന ആവശ്യവും ശക്തം. തുടക്കം മുതൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. വോട്ടെടുപ്പ് കാലത്തെ സൗജന്യവും വോട്ടിന് കൈക്കൂലിയുമാണിതെന്നും തിരിച്ചുപിടിക്കണമെന്നുമാണ് ആവശ്യം. ‘വോട്ട് വാങ്ങൽ’ ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡിയുടെ തേജസ്വി യാദവും പറയുന്നു. ഇതിനെതിരെ ഒക്ടോബർ 31ന് ആർ.ജെ.ഡി എം.പി മനോജ് ഝാ തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നൽകി.
എന്നാൽ, പ്രഖ്യാപനം നടന്നത് നേരത്തേയായതിനാൽ ചട്ടലംഘനമില്ലെന്നും അതിനാൽ തിരിച്ചുപിടിക്കില്ലെന്നുമാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശദീകരണം. കമീഷനാകട്ടെ, മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് വിജയം നൽകിയ ‘ലഡ്ലിബഹീൻ യോജന’യോട് അന്ന് സ്വീകരിച്ച നിലപാട് ഇവിടെയും സ്വീകരിക്കുകയാണ്. സാധാരണക്കാരെ ആകർഷിക്കാൻ ഏറ്റവും മികച്ച മാർഗം ഇതുതന്നെയെന്ന് ഉറപ്പിച്ചുള്ള കളികൾ ഫലം കാണുമെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

