വിധി നിർണയിക്കുക വനിതാ വോട്ടർമാർ; വനിതാ വോട്ടുബാങ്ക് ഇൻഡ്യ മുന്നണിയിലേക്ക് മറിക്കാൻ തേജസ്വിക്കാകുമോ
text_fieldsജാതി സമവാക്യങ്ങളാണ് ബിഹാർ രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും കാര്യമായി നിയന്ത്രിക്കുന്നതെങ്കിലും, ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ കാര്യത്തിൽ അൽപം വ്യത്യാസമുണ്ട്. ജാതി രാഷ്ട്രീയത്തിനപ്പുറം, പലപ്പോഴും അദ്ദേഹത്തിന് സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ സഹായകമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും വനിതകൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതുമെല്ലാമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇക്കുറി വനിതാ വോട്ടുബാങ്ക് ഇൻഡ്യ മുന്നണിയിലേക്ക് മറിക്കാൻ തേജസ്വിക്കാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയും വിവിധ രാഷ്ട്രീയറാലികളിലും തേജസ്വി സംസ്ഥാനത്തെ വനിതകൾക്കായി പ്രഖ്യാപിച്ച പദ്ധതികളാണ് ഇത്തരമൊരു ആലോചനയുടെ അടിസ്ഥാനം. അതെന്തായാലും, ഇക്കുറി ഇൻഡ്യ മുന്നണി ഭരണം പിടിച്ചാൽ, അതിൽ വനിത വോട്ട് നിർണായക ഘടകമായിട്ടുണ്ടാകുമെന്നതിൽ സംശയമില്ല.
‘മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന’ പദ്ധതിയിൽ നിതീഷ് കുമാറിന് ചുവടുപിഴച്ചപ്പോഴാണ് വനിത വോട്ട് ലക്ഷ്യമിട്ട് തേജസ്വി പുതിയ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയത്. അധികാരത്തിലെത്തിയാൽ വനിതകൾക്ക് പ്രതിമാസം 2500 രൂപ ലഭ്യമാക്കുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് നേരത്തേതന്നെ തേജസ്വി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പലകുറി അദ്ദേഹം ആവർത്തിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാനായി പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഒരുകോടി വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിതീഷ് സർക്കാർ പതിനായിരം രൂപ വീതം നിക്ഷേപിച്ചു. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് മാത്രം നടത്തിയ ഈ നീക്കം നിതീഷിന് എതിരായിട്ടാണ് വന്നത്. പ്രതിപക്ഷം അതിനെ ‘തെരഞ്ഞെടുപ്പ് കൈക്കൂലി’ എന്നു വിശേഷിപ്പിച്ചു.
അഞ്ച് വർഷമായുള്ള പ്രഖ്യാപനം യാഥാർഥ്യമാക്കാൻ തേജസ്വിയുടെ ഇടപെടൽ വേണ്ടിവന്നുവെന്ന തരത്തിൽ മാധ്യമ നിരീക്ഷണങ്ങളും വന്നതോടെ നിതീഷ് പ്രതിരോധത്തിലായി. ഇതിനിടെ, സംസ്ഥാനത്തെ പിന്നാക്ക ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളായ ‘ജീവിക ദീദി’ അംഗങ്ങൾക്ക് പ്രതിമാസം 30,000 രൂപ ശമ്പളം നൽകുമെന്നും തേജസ്വി പ്രഖ്യാപിച്ചു; ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഉൾപ്പെടുത്തി. ഝാർഖണ്ഡ് മുക്തി മോർച്ച വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. മറുവശത്ത്, നിതീഷും അറിഞ്ഞുകളിക്കുന്നുണ്ട്. ജീവിക വളണ്ടിയർമാരുടെ ശമ്പളം 10,000ൽനിന്ന് ഇപ്പോൾ 25,000 ആക്കിയിട്ടുണ്ട്. ബിരുദവിദ്യാർഥിനികൾക്കുള്ള സ്കോളർഷിപ് 25,000ൽനിന്ന് 50,000 ആക്കി ഉയർത്തുകയും ചെയ്തു.
2011ലെ സെൻസസ് പ്രകാരം, 47.86 ശതമാനമാണ് സ്ത്രീ ജനസംഖ്യ. എന്നാൽ, വോട്ടർമാരിൽ വനിതകളാണ് കൂടുതൽ. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ വനിത വോട്ടർമാരിൽ 60 ശതമാനവും പോളിങ് ബൂത്തിലെത്തി; പുരുഷന്മാർ 54 ശതമാനവും. പോളിങ് ബൂത്തിൽ വനിതകൾ തുടർച്ചയായി ഭൂരിപക്ഷം നേടിയ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു അത്. 243 മണ്ഡലങ്ങളിൽ 166ലും ഇതായിരുന്നു സ്ഥിതി. എൻ.ഡി.എക്ക് വലിയ ഭൂരിപക്ഷം സമ്മാനിച്ച പർണിയയിലും മധുബാനിയിലുമെല്ലാം ഈ പ്രവണത ദൃശ്യമായി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 60 ശതമാനം സ്ത്രീ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ഈ പ്രവണത എസ്.ഐ.ആറിനുശേഷം എന്തെന്ന് കണ്ടറിയണം. ചില റിപ്പോർട്ടുകൾ അനുസരിച്ച്, പുതുക്കിയ വോട്ടർപട്ടികയിൽ 1000 പുരുഷന്മാർക്ക് 894 സ്ത്രീകളാണുള്ളത്. രണ്ട് ശതമാനത്തിന്റെ കുറവ്. ഏതായാലും, ഓരോ സ്ത്രീ വോട്ടും അതിനിർണായകമാണെന്നർഥം.
പോളിങ് ബൂത്തിലെ ഈ അധിക പ്രാതിനിധ്യം പക്ഷേ, സ്ഥാനാർഥി പട്ടികയിലില്ല. നിലവിലെ നിയമസഭയിൽ 26 വനിതകൾ (പത്ത് ശതമാനം) മാത്രമാണുള്ളത്; 2018ൽ ഇത് 28 ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 143 സീറ്റിൽ മത്സരിക്കുന്ന ആർ.ജെ.ഡി 24 സ്ത്രീകളെ സ്ഥാനാർഥിയാക്കി; സഖ്യകക്ഷിയായ കോൺഗ്രസ് 61ൽ അഞ്ച് വനിതകളെ കളത്തിലിറക്കുന്നു. 101 വീതം സീറ്റിൽ മത്സരിക്കുന്ന ജെ.ഡി.യുവും ബി.ജെ.പിയും 13 വീതം വനിതകൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇൻഡ്യ മുന്നണിയിൽ 32ഉം എൻ.ഡി.എയിൽ 35ഉം വനിതാ സ്ഥാനാർഥികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

