ദലൈലാമയുടെ സന്ദർശനം: ‘ചൈനീസ് വനിതക്ക്’ വേണ്ടിയുള്ള അന്വേഷണം ഊർജിതം
text_fieldsഗയ: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ ബോധ്ഗയയിൽ നടന്ന പൊതു പ്രഭാഷണത്തോട് അനുബന്ധിച്ച് സുരക്ഷാ പരിശോധന കർശനമാക്കി. ചൈനീസ് വനിതയെ സംശയാസ്പദമായ സാഹചര്യത്തിൽ ബോധ് ഗയയിൽ കണ്ടെത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
ഗയയിൽ താമസിക്കുന്ന ചൈനീസ് വനിതയെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ പറഞ്ഞു. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ വനിതയുടെ താമസ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൈനീസ് ചാര വനിതയാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോങ് സിയോലൻ എന്ന സ്ത്രീയുടെ രേഖാ ചിത്രം പൊലീസ് തയാറാക്കുകയും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളോടും ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള വിവരങ്ങൾ അനുസരിച്ച് ഈ സ്ത്രീ രാജ്യത്തെ വിവിധ ഇടങ്ങളിൽ താമസിച്ചിട്ടുണ്ട്. ബോധ് ഗയയിൽ ഒരു വർഷത്തിലേറെയായി കഴിയുന്നു. എന്നാൽ ഇത്തരമൊരു ചൈനീസ് വനിത ഇന്ത്യയിൽ കഴിയുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ വിവരങ്ങളൊന്നുമില്ല.
എല്ലാ വർഷവും ബോധ് ഗയയിലേക്ക് സന്ദർശനത്തിനെത്തുന്ന ദലൈലാമ ഇത്തവണയും വന്നിട്ടുണ്ട്. മൂന്നു ദിവസത്തെ സന്ദർശനം ഡിസംബർ 31നാണ് അവസാനിക്കുക. കഴിഞ്ഞ രണ്ട് വർഷം കോവിഡ് മൂലം സന്ദർശനം നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ മഹാബോധി ക്ഷേത്ര സമുച്ചയത്തിലും ചുറ്റുവശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.