'കർഷകർക്ക് പണിയില്ലാത്ത മാസങ്ങളിൽ കൊലപാതകങ്ങൾ കൂടുന്നു'; വിവാദ പ്രസ്താവനയുമായി ബിഹാർ എ.ഡി.ജി.പി
text_fieldsബിഹാർ എ.ഡി.ജി.പി കുന്ദൻ കൃഷ്ണ
പാട്ന: കർഷകർക്ക് പണിയില്ലാത്ത മാസങ്ങളിലാണ് കൊലപാതകങ്ങൾ വർധിക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി ബിഹാർ എ.ഡി.ജി.പി കുന്ദൻ കൃഷ്ണ. ബിഹാറിൽ അടുത്തിടെ വർധിച്ചുവരുന്ന കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടിയാണ് എ.ഡി.ജി.പിയുടെ പ്രസ്താവന. പ്രസ്താവനക്കെതിരെ പ്രതിക്ഷവും ഭരണകക്ഷിയിലെ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
വരൾച്ചാ മാസങ്ങളായ ഏപ്രിൽ, മേയ്, ജൂൺ കാലയളവിൽ കൊലപാതകങ്ങൾ വർധിക്കുന്നതും കർഷകർക്ക് പണി കുറവായതും തമ്മിൽ ബന്ധമുണ്ടെന്നാണ് എ.ഡി.ജി.പിയുടെ വിചിത്രമായ കണ്ടെത്തൽ. 'പണി കുറവായ മാസങ്ങളിൽ തൊഴിലില്ലാതാകുന്ന യുവാക്കൾ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയാണ്. പണത്തിന് വേണ്ടി വാടകക്കൊലയാളികളായും ഇവർ പ്രവർത്തിക്കാൻ തയാറാകുന്നു. ഇത് അന്വേഷിക്കാനായി പ്രത്യേക സെൽ പൊലീസ് ഒരുക്കിയിട്ടുണ്ട്' -എ.ഡി.ജി.പി പറഞ്ഞു.
വർഷങ്ങളായി ഇത്തരമൊരു രീതിയുണ്ടെന്നാണ് എ.ഡി.ജി.പിയുടെ വാദം. 'മഴക്കാലം തുടങ്ങുന്നതോടെ കാർഷിക മേഖലയിലുള്ളവർ ജോലിയിൽ സജീവമാകും. കൊലപാതകങ്ങൾ ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയും. എന്നാൽ, ഈ വർഷം തുടർച്ചയായുള്ള കൊലപാതകങ്ങൾ മാധ്യങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പും നടക്കാൻ പോവുകയാണ്. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യുവാക്കൾ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമായി വാടക കൊലകളെ കാണുന്നുവെന്നത് ഞങ്ങൾ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
ബിഹാർ പൊലീസ് പ്രത്യേക സെൽ ഉണ്ടാക്കി ഷൂട്ടേഴ്സിന്‍റെയും വാടകക്കൊലയാളികളുടെയും വിവരങ്ങൾ ശേഖരിക്കും. ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങിയാലും നിരീക്ഷണം തുടരും. എല്ലാ ജില്ലകളിലും ഇത്തരത്തിൽ ഡാറ്റാബേസ് ഉണ്ടാക്കി നിരീക്ഷണം ശക്തമാക്കാനാണ് ബിഹാർ പൊലീസിന്‍റെ തീരുമാനം.
എ.ഡി.ജി.പിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. 'പൊലീസ് ഉദ്യോഗസ്ഥർ ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തരുത്. പൊലീസിന്‍റെ മനോവീര്യം തകർക്കുന്ന പ്രസ്താവനയാണിത്. കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ബിഹാറിൽ എല്ലാ സീസണിലും കുറ്റകൃത്യങ്ങൾ നടക്കുന്നു. വേനൽക്കാലത്ത് അവർ ചൂടിനെ കുറ്റപ്പെടുത്തുന്നു. മഞ്ഞുകാലത്ത് തണുപ്പിനെ കുറ്റപ്പെടുത്തുന്നു. ഇത് അങ്ങേയറ്റം കഴിവില്ലായ്മയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. ഉപമുഖ്യമന്ത്രിയെക്കൊണ്ടാകട്ടെ, യാതൊരു പ്രയോജനവുമില്ല' -തേജസ്വി യാദവ് പറഞ്ഞു.
എ.ഡി.ജി.പിയുടെ പ്രസ്താവനയെ ഉപമുഖ്യമന്ത്രി വിജയ് സിൻഹയും വിമർശിച്ചു. 'കർഷകർ ഭക്ഷണം തരുന്നവരാണ്. അവർ സ്വയം ഭക്ഷണം കഴിക്കാനും മറ്റുള്ളവരെ പോറ്റാനും കഠിനാധ്വാനം ചെയ്യുന്നു. കർഷകർ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ല. എ.ഡി.ജി.പി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഉചിതമല്ല. കർഷകർക്ക് കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ല' -ഉപമുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

