ബിഹാറിൽ ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsപട്ന: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം തൊട്ടടുത്തെത്തിയിട്ടും മഹാഗഡ്ബന്ധൻ സഖ്യത്തിലെ സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് കോൺഗ്രസ് ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 60 ആയി. ഏറ്റവും പുതിയ പട്ടികയനുസരിച്ച് സുരേന്ദ്ര പ്രസാദിനെ വാൽമീകി നഗറിൽ നിന്ന് മത്സരിപ്പിക്കും. ആബിദു റഹ്മാൻ അറാറിയ മണ്ഡലത്തിൽ നിന്നും ജലീൽ മസ്താൻ അമൂറിൽ നിന്നും ജനവിധി തേടും. തൗഖീർ ആലം(ബരാരി), പ്രവീൺ സിങ് കുശ്‍വാഹ(കഹൽഗാവോൺ), വിനോദ് ചൗധരി(സിക്കന്ത്ര)എന്നിവരും പുതിയ പട്ടികയിലുണ്ട്. കോൺഗ്രസിന്റെ നാലാംഘട്ട സ്ഥാനാർഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
ആർ.ജെ.ഡിയുമായും മറ്റ് സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം അനന്തമായി നീണ്ടതോടെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാംഘട്ടത്തിലേക്ക് തിങ്കളാഴ്ച മൂന്ന് മണിക്കകം നാമനിർദേശ പത്രിക സമർപ്പിക്കണം. പാർട്ടി ചിഹ്നങ്ങൾ വിതരണം ചെയ്യാനുള്ള തിരക്കിലാണ് ആർ.ജെ.ഡിയും കോൺഗ്രസും.
വ്യാഴാഴ്ച 48 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഘട്ടംഘട്ടമായി കുറച്ചു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുകയുണ്ടായി.
നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

